കോവിഡ് വാക്സിൻ ആർത്തവത്തെയും ഗർഭധാരണത്തെയും ബാധിക്കുമോ?

single-img
24 April 2021
Covid vaccines  menstrual changes

കോവിഡ് വാക്സിൻ സ്വീകരണവും ആർത്തവവുമായി ബന്ധപ്പെടുത്തി നിരവധി വ്യാജസന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വാട്സാപ്പ് വഴിയും മറ്റും പ്രചരിക്കുന്ന ഇത്തരം അശാസ്ത്രീയ സന്ദേശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന സാഹചര്യമുണ്ട്.

വാക്സിൻ ആർത്തവചക്രത്തെ ബാധിക്കുമെന്നും വന്ധ്യതയുണ്ടാകുമെന്നും വരെ പ്രചാരണങ്ങളുണ്ട്. “ആർത്തവത്തിന് അഞ്ച് ദിവസം മുൻപും ആർത്തവ സമയത്തും വാക്സിൻ എടുക്കരുത്” എന്ന പ്രചാരണവും ശക്തമാണ്.

എന്നാൽ ഇക്കാര്യങ്ങൾ വിവരം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ സ്വീകരിച്ച ശേഷം തങ്ങളുടെ ആർത്തവം താമസിക്കുന്നതായും, ആർത്തവ സമയങ്ങളിൽ പതിവിലധികം വേദനയും രക്തസ്രാവവും അനുഭവപ്പെടുന്നതായും മറ്റും ചില അനുഭവക്കുറിപ്പുകൾ വന്നതിനെ പിൻപറ്റിയാണ് പല കെട്ടുകഥകളും കിംവദന്തികളും പ്രചരിപ്പിക്കപ്പെടുന്നത്.

“ആർത്തവത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി വാക്സിനേഷനെ ബന്ധപ്പെടുത്തുന്ന ഒരു വിവരങ്ങളും ഇതുവരെയും പഠനങ്ങളിൽ ലഭ്യമായിട്ടില്ല” എന്നാണ് അമേരിക്കയിലെ യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. ആലീസ് ലു കുള്ളിഗനും (Alice Lu-Culligan) ഡോ റാൻഡി ഹട്ടർ എപ്സ്റ്റീനും ന്യൂയോർക്ക് ടൈംസ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇനിയഥവാ അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽത്തന്നെ ആർത്തവചക്രത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളൊന്നും വലിയ അപകടസൂചനയല്ലെന്നും ഇവർ പറയുന്നു. ആർത്തവസമയത്ത് ഗർഭപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ ചിലത് പ്രതിരോധകോശങ്ങളുടെ കൂടി സഹായത്തോടുകൂടിയാണ് നടക്കുന്നത്. വാക്സിനുകൾ പ്രതിരോധ കോശങ്ങളെ സ്വാധീനിക്കുന്നതിനാൽ ചില ചെറിയ മാറ്റങ്ങൾ ആർത്തവചക്രത്തിൽ കണ്ടേക്കാം. എന്നാൽ ഇതൊന്നും ഒരു സ്ത്രീയുടെ ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ തക്കവണ്ണമുള്ളതല്ലെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

“ഈ നുണ കണ്ടുപിടിച്ച ആ മോശം മനുഷ്യർ വാക്സിനെടുത്ത ശേഷം ആർത്തവചക്രത്തിൽ പ്രശ്നങ്ങളുണ്ടായെന്ന ചില റിപ്പോർട്ടുകൾ ഓൺലൈനിൽ കണ്ടുകാണും. അതിനെ വളച്ചൊടിച്ച് അവരുടെ ക്യാമ്പയിനിനായി ഉപയോഗിച്ച് കാണും.“ ഗൈനക്കോളജിസ്റ്റായ ഡോ. ജെൻ ഗുന്തെർ തൻ്റെ ബ്ലോഗ്ഗ് പോസ്റ്റിൽ എഴുതി.

കോവിഡ് വാക്സിൻ വന്ധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അമേരിക്കൻ കോളജ് ഓഫ് ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജിയും നിരവധി പ്രസ്താവനകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോൾ, ആർത്തവ ദിവസങ്ങളിലോ, ആർത്തവത്തോട് അടുത്ത ദിവസങ്ങളിലോ വാക്സിൻ സ്വീകരിക്കാമോ?

“കോവിഡ് വാക്സിന് ആർത്തവവുമായി യാതൊരു ബന്ധവുമില്ല. ആർത്തവ സമയത്തെ രക്തസ്രാവത്തെ കോവിഡ് വാക്സിൻ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നു എന്ന വാദം ലോകമെമ്പാടും നടത്തിയിട്ടുള്ള ഒരു പഠനവും ശരിവയ്ക്കുന്നില്ല. ചിലർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന കിംവദന്തികളാണ് അവ. ഒരു അന്താരാഷ്ട്ര വിദഗ്ദ്ധ സമിതികളോ, ഉപദേശക സമിതികളോ ഈ വാദങ്ങൾ അംഗീകരിച്ചിട്ടുമില്ല.

ആർത്തവ ദിവസങ്ങളിലാണ് നിങ്ങൾക്ക് വാക്സിൻ സ്വീകരിക്കേണ്ട ദിവസമെങ്കിൽ അത് മാറ്റിവയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. 18വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും തന്റെ ആർത്തവ ചക്രത്തിലെ ഏത് ദിവസം വേണമെങ്കിൽ വാക്സിൽ സ്വീകരിക്കുന്നത് സുരക്ഷിതമാണ്.” ഗർഭിണികളായ സ്ത്രീകൾ വാക്സിൻ സ്വീകരിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. മുംബൈ കോകിലാബെൻ അംബാനി ആശുപത്രിയിലെ പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ വൈശാലി ജോഷി പറയുന്നു.

‘No data’ linking Covid vaccines to menstrual changes, says experts