കേന്ദ്രം നല്‍കാന്‍ കാത്തുനില്‍ക്കില്ല; വാക്സിന്‍ വാങ്ങാനുള്ള നടപടി കേരളം ആരംഭിച്ചു: മുഖ്യമന്ത്രി

single-img
22 April 2021

കേന്ദ്ര സർക്കാരിൽ നിന്നും വാക്സിൻ കിട്ടുന്നതിനുമാത്രമായി കാത്തുനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ വാങ്ങാനുള്ള നടപടിക്രമങ്ങൾ സംസ്ഥാനം ആരംഭിച്ചതായും ഇതിന്റെ ഭാഗമായി വാക്സീൻ കമ്പനികളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി, ആരോഗ്യ–ധന സെക്രട്ടറിമാർ ആലോചിച്ച് വാക്സീന് ഓർഡർ നൽകമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ കേരളത്തിൽ ഓൺലൈനിൽ റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ കോവിഡ് വാക്സിൻ എടുക്കാൻ കഴിയൂ. സ്പോട്ട് റജിസ്ട്രേഷൻ നടത്തിയവർക്ക് ഇളവ് അനുവദിക്കും. രണ്ടാം ഡോസ് എടുക്കുന്നവർക്കും റജിസ്ട്രേഷൻ നിർബന്ധമാണ്. 18–45 പ്രായപരിധിയിൽപ്പെട്ട 1.65 കോടി പേർ സംസ്ഥാനത്തുണ്ട്. ഇവർക്കു വാക്സിൻ വിതരണത്തിനു കൃത്യമായ മാനദണ്ഡം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടോ മൂന്നോ ഘട്ടമായി വാക്സീൻ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണന നൽകും. മാനദണ്ഡമുണ്ടാക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. ഇതോടൊപ്പം തന്നെ തിരുവനന്തപുരം ജില്ലയിലെ രണ്ട് വിഭാഗമായി തിരിച്ച് ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങിയാതായും അദ്ദേഹം പറഞ്ഞു.