സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി തന്നെ വിതരണം ചെയ്യും; ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല: മുഖ്യമന്ത്രി

single-img
21 April 2021

കേരളത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് കൊവിഡ് വാക്‌സിന്‍ സംസ്ഥാനം സ്വന്തം നിലക്ക് വാങ്ങണം എന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്കുള്ള മറുപടികൂടിയായി മാറി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങിനെ: ” കേന്ദ്രസര്‍ക്കാരിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലർ വിചിത്ര വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കും. കേന്ദ്രമന്ത്രി വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ല.

കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്സീൻ ആവശ്യമെങ്കിൽ എന്ത് ചെയ്യും.

സൗജന്യ വാക്‌സിന്‍ എന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യം തന്നെയാണ്. ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. നേരത്തെ പറഞ്ഞതാണ് വാക്‌സിന്‍ ഇവിടെ സൗജന്യമായിരിക്കുമെന്ന്. സൗജന്യമെന്ന് പറയുന്നത് വയസ് അടിസ്ഥാനത്തില്‍ അല്ല. ഇത് രോഗം വരാതിരിക്കാനുള്ള പ്രതിരോധമാണ്. എല്ലാവര്‍ക്കും സൗജന്യം തന്നെയായിരിക്കും.”