കള്ളന്റെ എടിഎം കൈക്കലാക്കി പൊലീസുകാരന്റെ മോഷണം

single-img
19 April 2021

കണ്ണൂരില്‍ പോലീസ് പിടിയിലായ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ എൻ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്. സംഭവത്തില്‍ റൂറൽ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടു.

തളിപ്പറമ്പ് പുളിപറമ്പ് സ്വദേശി ഗോകുലിനെ ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് 70,000 രൂപയോളം കവർന്നു എന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏപ്രിൽ മൂന്നിനാണ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. കവർന്ന പണം ഗോകുൽ സഹോദരിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. കേസിന്‍റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് ഗോകുലിന്റെ സഹോദരിയുടെ എടിഎം കാർഡ് തട്ടിയെടുക്കുകയും ഗോകുലിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

തുടർന്ന് 50,000 രൂപ ശ്രീകാന്ത് അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയായിരുന്നു. പിന്നീട് ഗോകുലിന്റെ അച്ഛൻ നൽകിയ പരാതിയിലുള്ള പോലീസ് അന്വേഷണത്തിലാണ് സീനിയർ സിപിഒ ഇ.എൻ. ശ്രീകാന്ത് പിടിയിലാകുന്നത്. ശ്രീകാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്.പി അറിയിച്ചു.സംഭവത്തില്ർ റൂറല്‍ എസ്.പിയോട് ഡിജിപി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Sum­ma­ry: Police robbed mon­ey from thief’s ATM card