ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍; ധോണിയെ പിന്നിലാക്കി രോഹിത് ശര്‍മ

single-img
17 April 2021

ഐപിഎല്ലില്‍ പുതിയൊരു റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എസ്ആര്‍എച്ചിനെതിരേ 25 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 32 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. പക്ഷെ ഈ രണ്ടു സിക്‌സറുകളോടെ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിയത്.

ചെന്നൈയുടെ നായകന്‍ എംഎസ് ധോണി ഇതോടെ പിന്തള്ളപ്പെടുകയായിരുന്നു. നിലവിൽ 217 സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളതെങ്കില്‍ ഒരു സിക്‌സര്‍ മാത്രം പിറകിലായി ധോണി തൊട്ടുതാഴെയുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റൻ വിരാട് കോലിക്കാണ് ഇന്ത്യന്‍ സിക്‌സര്‍ താരങ്ങളിൽ മൂന്നാംസ്ഥാനം. 201 സിക്‌സറുകള്‍ വിരാടിന്റെ പേരിലുണ്ട്.

ഐപിഎല്ലിലെ എല്ലാ താരങ്ങളിലെയും സിക്‌സര്‍ വേട്ടക്കാരുടെ കാര്യമെടുത്താല്‍ മൂന്നാംസ്ഥാനമാണ് രോഹിത്തിന്. പഞ്ചാബ് താരം ക്രിസ് ഗെയ്ല്‍ 351 സിക്‌സറുകളുമായി ഒന്നാമതാണ്. 237 സിക്‌സറുകളോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് രണ്ടാമത്.