പ്രചരിക്കുന്ന ഇല്ലാകഥകള്‍ക്ക് മറുപടിയായി ചിത്രാഞ്​ജലി സ്റ്റുഡിയോയിലെത്തി ഡബ്ബ്​​ ചെയ്​ത് മണിയൻപിള്ള രാജു

single-img
15 April 2021

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന തന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വ്യാജ വാർത്തകൾക്ക് മറുപടിയായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനെത്തി നടൻ മണിയൻ പിള്ള രാജു. കോവിഡ് പോസിറ്റീവായതിനൊപ്പം ന്യുമോണിയയും പിടിപെട്ട് രണ്ടാഴ്ചയിലേറെ മണിയന്‍ പിള്ള രാജു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനെ വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണമാണ്​ ചിത്രാഞ്​ജലി സ്റ്റുഡിയോയിലെത്തി അദ്ദേഹം ഡബ്ബ്​​ ചെയ്തത്.

സംഗീതാ 4 ക്രിയേഷൻസിന്‍റെ ബാനറിൽ സി.ആർ. അജയകുമാർ സംവിധാനം ചെയ്യുന്ന ‘സുഡോക്കുൻ’ എന്ന സിനിമയുടെ ഡബ്ബിങ്​ ജോലികൾ പൂർത്തിയാക്കുന്നതിനായിട്ടാണ്​ മണിയൻ പിള്ള രാജു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത്​. കോവിഡും ന്യൂമോണിയായും ബാധിച്ച് വിശ്രമത്തിലായിരുന്ന അദ്ദേഹം പൂർണ് ആരോഗ്യവാനായാണ് ഡബ്ബിങിനെത്തിയത്.

ഇതിനിടെ, അച്ഛനെക്കുറിച്ച് ഇല്ലാകഥകള്‍ പ്രചരിപ്പിക്കരുതെന്ന്​ അഭ്യർഥിച്ച്​ മണിയന്‍ പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജന്‍ രംഗത്തെത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ വിശ്രമത്തിലാണെന്നും ആരോഗ്യനില വീണ്ടെടുത്ത് സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും നിരഞ്​ജൻ ഫേസ്​ബുക്കിൽ കുറിച്ചു.

Content Summary : Maniyan Pillai Raju dubbed at Chithran Jali Studio in response to rumors circulating