മൻസൂർ വധം; ഏഷ്യാനെറ്റ് ചാനൽ ഓഫിസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കാൻ സിപിഎം

single-img
13 April 2021

കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യ കൊലപാതകമെന്ന രീതിയില്‍ ചെയ്ത ഏഷ്യാനെറ്റ് വാർത്തക്കെതിരെ പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു. ചാനലിന്റെ കണ്ണൂർ ഓഫിസിലേക്ക്​ ഈ മാസം 15ന്​ മാർച്ച്​ നടത്തുമെന്ന്​ പാര്‍ട്ടിയുടെ ജില്ല​ സെക്രട്ടറി എം വി ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മൻസൂർ വധകേസില്‍ നാലാം പ്രതിയായ ശ്രീരാ​ഗ് തലശ്ശേരി സബ്ജയിലിലാണ്. പക്ഷെ ശ്രീരാ​ഗ് മരിച്ചെന്ന നിലയിലാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്.മരിക്കാത്തയാൾ മരിച്ചുവെന്നും ​ആത്​മഹത്യ കൊലപാതകമാണെന്നും വാർത്ത നൽകിയ ശേഷം പിന്നീട്​ തിരുത്തിയെങ്കിലും ആ വാർത്ത ഉയർത്തിക്കാട്ടി കൊന്നവരെ കൊല്ലുന്ന പാർട്ടിയാണെന്ന്​ ദുഷ്​പ്രചാരണം ​ വ്യാപകമായി നടക്കുന്നെന്നും എം വി ജയരാജൻ പറഞ്ഞു.

മൻസൂർ വധക്കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്താണ്​ രതീഷ്​ തൂങ്ങിമരിച്ചത്​. മരണത്തിന്​ കാരണക്കാരായ ലീഗുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ രതീഷിന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്​.എന്നിട്ടുപോലും ആത്​മഹത്യ, കൊലപാതകമെന്നാണ്​ മാധ്യമങ്ങൾ വാർത്ത നൽകുന്നത്​. രതീഷിനെ കൊന്ന്​ കെട്ടിത്തൂക്കിയെന്ന്​ നിരന്തരം ആരോപിക്കുന്ന കെ സുധാകരൻ തെളിവുകൾ ഹാജരാക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു.