വാക്സിൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിന് കാരണമായി; മോദി സര്‍ക്കാരിനെതിരെ സോണിയാ ഗാന്ധി

single-img
10 April 2021

കൊവിഡ് വൈറസ് വ്യാപന രണ്ടാംതരം​ഗത്തിൽ രാജ്യത്ത് രോ​ഗവ്യാപനം വർദ്ധിക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രം​ഗത്ത്. അശാസ്ത്രീയമായ രീതിയിലുള്ള വാക്സിൻ കയറ്റുമതി രാജ്യത്തെ വാക്സിൻ ക്ഷാമത്തിലേക്ക് നയിച്ചെന്നും നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ സാഹചര്യങ്ങൾ കൂടുതൽ മോശമാക്കിയെന്നും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

കോൺ​ഗ്രസ് ഭരിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു സോണിയ. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായാണ് യോ​ഗം ചേർന്നത്. ജനങ്ങളില്‍ കൂടുതല്‍ പരിശോധനക്കും വാക്സിനേഷനും മുൻ​ഗണന നൽകണമെന്ന് സോണിയ ​ഗാന്ധി ആവശ്യപ്പെട്ടു.

ആശുപത്രികളില്‍ മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി യോ​ഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ ​ഗാന്ധി ആവശ്യപ്പെട്ടു.

അതോടൊപ്പം തന്നെ കേന്ദ്രത്തിലെ മോദി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ കാര്യങ്ങൾ മോശമാക്കി. വാക്സിൻ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിന് കാരണമായെന്നും സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വാക്സിൻ ഉത്പാദനത്തിൽ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലായി. വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം. ഉത്പാദനം വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് സഹായം നൽകണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.