മെട്രോ സര്‍വീസ് നിരീക്ഷിക്കാന്‍ അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യയുമായി ദുബൈ

single-img
1 April 2021

മെട്രോ സംവിധാനങ്ങളും സര്‍വീസുകളും വിദൂരമായി നിരീക്ഷിച്ച് വിലയിരുത്തുന്നതിന് അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യയൊരുക്കി ദുബൈ. ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് അത്യാധുനിക സെന്‍ട്രല്‍ സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ചത്.

റൂട്ട് 2020 ശൃംഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ സംവിധാനം. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നിര്‍മിത ബുദ്ധി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഡാറ്റകള്‍ തുടര്‍ച്ചയായി വിശകലനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ആവശ്യമായ പ്രതിരോധ- അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച വിവരം അല്‍ റാഷിദിയ സ്റ്റേഷനിലെ പ്രധാന കണ്‍ട്രോള്‍ സെന്ററിലേക്ക് അറിയിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഒരുക്കിയിരിക്കുന്നത്. ദുബൈ മെട്രോ സംവിധാനങ്ങളുടെ പരിപാലനവും തകരാറുകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള പ്രാപ്തിയും വര്‍ധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി.