റമദാനില്‍ സ്‌കൂള്‍ സമയം ചുരുങ്ങും, അബുദബി,ദുബൈ,ഷാര്‍ജ എന്നിവിടങ്ങളില്‍ നിയമം പുറത്തിറക്കി

single-img
31 March 2021

സ്വകാര്യ സ്‌കൂളുകള്‍ വിശുദ്ധ റമദാനില്‍ പാലിക്കേണ്ട സമയക്രമവും നിബന്ധനകളും സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളിലെ സ്‌കൂളുകള്‍ പാലിക്കേണ്ട നിയമങ്ങളാണ് പുറത്തിറക്കിയത്.

ദുബൈയില്‍ സ്വകാര്യസ്‌കൂളുകളില്‍ അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ക്ലാസുകള്‍ പാടില്ല. രക്ഷിതാക്കളുമായി ആലോചിച്ച് സമയക്രമം തീരുമാനിക്കാന്‍ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആരാധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്ന ദിനരാത്രങ്ങളായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്, അസൈന്‍മെന്റുകള്‍ എന്നിവ നല്‍കുന്നതില്‍ ഇളവ് ഉറപ്പാക്കണം.

അബുദാബിയിലും സ്‌കൂള്‍ സമയം അഞ്ചുമണിക്കൂറില്‍ കൂടുതല്‍ പാടില്ലെന്ന് വിദ്യഭ്യാസ വൈജ്ഞാനിക വകുപ്പ് അറിയിച്ചു. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. രാവിലെ 9:30ന് മുമ്പ് ക്ലാസുകള്‍ ആരംഭിക്കരുതെന്നും വൈകുന്നേരം 3:30ന് മുമ്പായി അവസാനിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഏപ്രില്‍ 8ന് സ്‌കൂളുകള്‍ തുറക്കുന്നതോടെ നിയന്ത്രണങ്ങള്‍ നിലവില്‍വരും.

ഷാര്‍ജയില്‍ സ്‌കൂള്‍ സമയം മൂന്നു മുതല്‍ അഞ്ചുമണിക്കൂര്‍ വരെയായിരിക്കണമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാവിലെ ഒമ്പതിനു മുമ്പായി സ്‌കൂളുകള്‍ ആരംഭിക്കാന്‍ പാടില്ല. അതേസമയം, മൂന്നുമണിക്കൂറില്‍ കുറയാതെയും അഞ്ചുമണിക്കൂറില്‍ കൂടാതെയും ക്രമീകരിക്കണമെന്നും എസ്.പി.ഇ.എ കൂട്ടിച്ചേര്‍ത്തു.