മക്ക- മദീന ഹറമൈന്‍ ട്രെയിന്‍ ഗതാഗതം മാര്‍ച്ച് 31 ന് പുനരാരംഭിക്കും

single-img
28 March 2021

മക്ക- മദീന ഹറമൈന്‍ ട്രെയിന്‍ ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കും. ഹജ്ജിന് മുമ്പായി ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണതോതിലാകുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ പ്രതിദിനം 24 മുതല്‍ 30 സര്‍വ്വീസ് വരെയാണ് നടത്തുക. ഒരു മാസത്തിനകം സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച്, റമളാനോടെ ദിനംപ്രതി 40 മുതല്‍ 54 സര്‍വ്വീസുകള്‍ വരെ നടത്താനാണ് നീക്കം. സര്‍വ്വീസ് പുനരാരംഭിക്കുന്നത് പുണ്യമാസത്തില്‍ ഇരുഹറമുകളിലും പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമാകും.

ജിദ്ദയിലെ സുലൈമാനിയ റെയില്‍വെ സ്റ്റേഷനില്‍ അഗ്‌നിബാധയെ തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് റെയില്‍വെ സ്റ്റേഷനാണ് ജിദ്ദയിലെ യാത്രക്കാര്‍ ഉപയോഗിക്കേണ്ടത്. സുലൈമാനിയ സ്റ്റേഷന്‍ വൈകാതെ തന്നെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകും. എഴുന്നൂറിലധികം തൊഴിലാളികളാണ് പുനരുദ്ധാരണ ജോലികളില്‍ ഇവിടെ പ്രവര്‍ത്തിച്ച് വരുന്നത്. സ്റ്റേഷന്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പൂര്‍ണ ചെലവിലാണ് പുനര്‍നിര്‍മ്മാണ ജോലികള്‍ നടന്നുവരുന്നത്.