തപാൽ ബാലറ്റിൽ വൻ‌ അട്ടിമറി നടത്തുന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്റർ സംവിധാനം നടപ്പാക്കിയില്ല

single-img
24 March 2021

തപാൽ ബാലറ്റിൽ വൻ‌ അട്ടിമറി ശ്രമമെന്ന് ആരോപണം. നിയമസഭാ തിര‍ഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മൂന്നു ലക്ഷത്തിലേറെ ഉദ്യോഗസ്ഥർക്കു മുൻകൂട്ടി വോട്ടു രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്റർ സംവിധാനം നടപ്പാക്കിയില്ല. സർവീസ് സംഘടനകൾ‌ക്കു വോട്ടുകളിൽ യഥേഷ്ടം തിരിമറി നടത്താൻ സൗകര്യം നൽകുന്ന പഴയ രീതി തന്നെ പിന്തുടരാൻ ഉദ്യോഗസ്ഥ ലോബി ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.

ആദ്യഘട്ട പരിശീലന സമയത്തു പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരിൽനിന്ന് തപാൽ ബാലറ്റ് അപേക്ഷകൾ സ്വീകരിക്കുകയും രണ്ടാംഘട്ട പരിശീലനത്തിന് എത്തുമ്പോഴോ അല്ലെങ്കിൽ പോളിങ് സാധന വിതരണ കേന്ദ്രങ്ങളിലോ ഫെസിലിറ്റേഷൻ സെന്റർ ഒരുക്കി തപാൽ ബാലറ്റിൽ വോട്ട് ഉടനടി രേഖപ്പെടുത്താൻ അവസരം ഒരുക്കാനുമാണ് എല്ലാ വരണാധികാരികളോടും കമ്മിഷൻ നിർദേശിച്ചത്. ഇതിനു കഴിയാത്തവർക്കു മാത്രം 24 മണിക്കൂറിനകം റജിസ്റ്റേർഡ് തപാലിൽ (കൈപ്പറ്റ രസീത് ഉൾപ്പെടെ) തപാൽ ബാലറ്റുകൾ അയയ്ക്കാനും ആവശ്യപ്പെട്ടു. വരണാധികാരികളുടെ ഓഫിസുകളിൽ തപാൽ വോട്ട് നിക്ഷേപിക്കുന്ന പതിവു സംവിധാനമായ ഡ്രോപ് ബോക്സ് പാടില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

സർവീസ് സംഘടനകൾ ജീവനക്കാരുടെ തപാൽ ബാലറ്റുകൾ കൂട്ടത്തോടെ കൈക്കലാക്കി വോട്ടു രേഖപ്പെടുത്തുന്നതായ പരാതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും ലഭിച്ചതിനെ തുടർന്നാണു പുതിയ സംവിധാനം ഒരുക്കിയത്. എന്നാൽ, തപാൽ ബാലറ്റ് അപേക്ഷകൾ സർവീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ ശേഖരിച്ചു കൂട്ടത്തോടെ രേഖപ്പെടുത്താനുള്ള നടപടികൾ പല സർക്കാർ ഓഫിസുകളിലും സംസ്ഥാനത്താകെ ആരംഭിച്ചു കഴിഞ്ഞു. ഇടതു സംഘടനകളാണ് ഇതിൽ മുൻപന്തിയിൽ.

തപാൽ ബാലറ്റിനുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥരുടെ വീട്ടുവിലാസമാണു രേഖപ്പെടുത്തേണ്ടതെങ്കിലും ഇതു തിരുത്തി ഓഫിസിന്റെതാക്കുന്ന നടപടികളും നടക്കുന്നു. ഫെസിലിറ്റേഷൻ സെന്റർ സംബന്ധിച്ച അറിയിപ്പുകളൊന്നും അധികൃതർ നൽകുന്നുമില്ല. എന്നാൽ, അവശ്യ സർവീസ് മേഖലയിലുള്ള ജീവനക്കാരിൽ പോളിങ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവർക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ തപാൽ വോട്ടിങ് സംസ്ഥാനത്ത് 28 മുതൽ 30 വരെ നിശ്ചയിച്ച സ്ഥലങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയർ ഫോഴ്സ് പോലുള്ള സേനകളിലുള്ളവർക്കാണ് ഇത്.

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കു രണ്ടാംഘട്ട പരിശീലനം നടത്തുന്ന സ്ഥലത്തോ പോളിങ് സാധനങ്ങളുടെ വിതരണകേന്ദ്രത്തിലോ ആണു തപാൽ വോട്ടു രേഖപ്പെടുത്താൻ ഫെസിലിറ്റേഷൻ സെന്റർ ഒരുക്കേണ്ടത്. ഇതിനായി ഓരോ വരണാധികാരിയും ഒരു ഗസറ്റഡ് ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇവിടെ വച്ച് ഉദ്യോഗസ്ഥർ വോട്ടു രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ അടങ്ങിയ കവറുകൾ സ്ട്രോങ് റൂമുകളിലേക്കു മാറ്റണം.

തപാൽ ബാലറ്റുകളും ഇതിൽ എത്ര എണ്ണത്തിൽ വോട്ടു രേഖപ്പടുത്തി എന്നതു സംബന്ധിച്ച റജിസ്റ്ററുകൾ ഓരോ ദിവസവും മുദ്ര വയ്ക്കണമെന്നും നടപടികൾ വിഡിയോയിൽ പകർത്തണമെന്നും നിർദേശമുണ്ട്. ഫെസിലിറ്റേഷൻ സെന്ററിന്റെ സ്ഥലവും വോട്ടിങ് നടപടികളുടെ സമയവും സ്ഥാനാർഥികളെ അറിയിക്കണം. നടപടികളുടെ ഏകോപനം ഓരോ ജില്ലയിലെയും നോഡൽ ഓഫിസർക്കാണ്. മറ്റു ജില്ലകളിലേക്കുള്ള തപാൽ അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടതും ഈ ഉദ്യോഗസ്ഥനാണ്. എന്നാൽ, രണ്ടാംഘട്ട പരിശീലനം സംസ്ഥാനമാകെ ആരംഭിച്ചിട്ടും ഫെസിലിറ്റേഷൻ സെന്ററുകൾ ഒരുക്കിയിട്ടില്ല.