തോറ്റ ബിഎസ്‌സി പരീക്ഷ ജയിച്ചതായി കാണിച്ചു; സത്യവാങ്മൂലത്തില്‍ കെ സുരേന്ദ്രന്‍ നല്‍കിയത് തെറ്റായ വിവരം

single-img
23 March 2021

ബിജെപിയുടെ സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്ങ മൂലത്തിൽ നല്‍കിയത് വ്യാജവിവരങ്ങളെന്ന് റിപ്പോർട്ട്.വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് വ്യക്തമാക്കേണ്ട കോളത്തിൽ തെറ്റായ വിവരങ്ങളാണ് സുരേന്ദ്രൻ നൽകിയിരിക്കുന്നത്. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആന്റ് ഡെപ്യൂട്ടി രജിസ്ട്രാർ ആണ് വിവരാവകാശം വഴിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുന്നത്. അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു മൽസരിക്കുമ്പോഴും സുരേന്ദ്രൻ സമാന വിവരങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിൽ നൽകിയതെന്നാണ് വിവരം.

അത്തരത്തില്‍ ഇത്തവണ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കാനായുള്ള സത്യവാങ്മൂലത്തിലും ഇതേ വിവരങ്ങൾ തന്നെയാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത എഴുതേണ്ട സ്ഥലത്ത് ബിഎസ്‌സി എന്നാണ് സുരേന്ദ്രൻ രേഖപ്പെടുത്തിയിരിക്കുന്നത്. 1987-90 കാലഘട്ടത്തിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും ബിഎസ്‌സി ബിരുദം നേടിയെന്നാണ് നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലത്തിൽ സുരേന്ദ്രൻ കാണിച്ചിരിക്കുന്നത്.

പക്ഷെ ഗുരുവായൂരപ്പൻ കോളേജില്‍ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയായിരുന്ന സുരേന്ദ്രൻ 1987-90 ബാച്ചിൽ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാഭവനിൽനിന്നുള്ള വിവരാവകാശ രേഖകൾ പറയുന്നത്. 94212 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള സുരേന്ദ്രൻ കെ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടവരുടെ പട്ടികയിൽആണ് ഉള്‍പ്പെട്ടിട്ടുള്ളത്‌.