വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; ചെന്നിത്തലയുടെ പരാതി സ്ഥിരീകരിച്ച് ടിക്കാറാം മീണ

single-img
22 March 2021

സംസ്ഥാനത്ത് വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രധാനമായും കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. ഇതില്‍ വിശദമായ അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.ഇതിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചത്.

പാലക്കാട് മാത്രം 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. ഇതിനുപുറമേ വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇത്തരത്തില്‍ ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. രാജ്യത്താകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്.

ഒരു വ്യക്തിയുടെ വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ഒരാള്‍ക്ക് നാല് വോട്ടര്‍ ഐഡി കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദുമ എഇആര്‍ഒയെ ആണ് സസ്പെന്‍ഡ് ചെയ്തത്.