ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അടക്കിഭരിച്ച ‘അമേരിക്ക’ ഇപ്പോള്‍ കോവിഡ് കാരണം ദുരിതമനുഭവിക്കുന്നു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

single-img
21 March 2021

സ്ത്രീകൾ ധരിക്കുന്ന കീറിയ ജീന്‍സുമായി ബന്ധപ്പെട്ട വിവാദമായ പരാമര്‍ശത്തിന് ശേഷം വീണ്ടും അബദ്ധ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ്‌ സിംഗ് റാവത്ത്. ഇരുന്നൂറ് വര്‍ഷം ഇന്ത്യയെ അടക്കിഭരിച്ച അമേരിക്ക ഇപ്പോള്‍ കോവിഡ് മൂലം ദുരിതമനുഭവിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ലോകത്തെ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച്, കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇരുന്നൂറ് വർഷക്കാലം ഇന്ത്യാക്കാരെ അടിമകളാക്കി ലോകം ഭരിച്ച അമേരിക്ക, ഇന്ന് കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ്’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ നരേന്ദ്ര മോദിക്കുപകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആർക്കറിയാം. തീർത്തും മോശം അവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തുമായിരുന്നു. പക്ഷെ മോദി ഞങ്ങളുടെ രാജ്യത്തിന് ആശ്വാസം നൽകി’ റാവത്ത് പറഞ്ഞു.