‘രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു’; കെ സുരേന്ദ്രനെതിരെ പരിഹാസവുമായി ശോഭ

single-img
14 March 2021

ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപിയിലെ മുതിർന്ന നേതാക്കൾക്കൊന്നും ലഭിക്കാത്ത വലിയ സ്വഭാഗ്യമാണ്‌ ദേശീയ നേതൃത്വം കെ സുരേന്ദ്രന് കനിഞ്ഞ് നല്കിയതെന്ന് ശോഭ പറയുന്നു.

ഈ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലെ ഒരേ സമയം സുരേന്ദ്രൻ മത്സരിക്കുമെന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ ഇത്തരത്തിൽ പ്രതികരിച്ചത്. ‘പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ ഈ സൗഭാഗ്യം ലഭിച്ചിട്ടില്ല. ഇത്തവണ രണ്ട് സീറ്റിലാണ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു.

നേരത്തെയും രണ്ട് സീറ്റുകളിൽ പല ആളുകളും മത്സരിച്ചിട്ടുണ്ട്. അതൊരു പുതിയ അനുഭവമല്ല. പക്ഷെ കേരളത്തെയും ബിജെപിയെയും സംബന്ധിച്ച് നമുക്ക് ലഭിച്ചിട്ടുള്ള ആദ്യത്തെ അവസരവും സുവർണാവസരവുമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാവരും കൂടി സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ രണ്ട് മണ്ഡലത്തിലും വിജയിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.

ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്റെ മുഴുവൻ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരാൻ ഈ അവസരം ഉപയോഗിക്കുന്നു.’- താൻ ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന കാര്യം വളരെ നേരത്തെ തന്നെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണെന്ന കാര്യവും ശോഭ ഇതോടൊപ്പം ഓർമ്മിപ്പിച്ചു.അതിന് ശേഷം മത്സരരംഗത്ത് ഉണ്ടാകണമെന്നും മറ്റെല്ലാം മാറ്റി വയ്ക്കണമെന്നും തനിക്ക് നിർദ്ദേശം ലഭിച്ചു. പക്ഷെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും താൻ പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്നലെ രണ്ട് മണി വരെയുള്ള കാര്യങ്ങളിൽ മാത്രമാണ് അറിവുള്ളതെന്നും ശോഭ പറഞ്ഞു.