നാല് വര്‍ഷത്തിനിടയിൽ രാജ്യത്ത് കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍

single-img
11 March 2021

2016-നും 2020-നും ഇടയില്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന എം എല്‍ എമാരുടെ എണ്ണം 170-ഓളമാണെന്ന് റിപ്പോര്‍ട്ട് പുറത്ത്.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ 182 എം എല്‍ എമാരാണ് വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി ജെ പിയില്‍ ചേര്‍ന്നത്.

18 എം എല്‍ എമാര്‍ ബി ജെ പിയില്‍ നിന്നും മറ്റു പാര്‍ട്ടികളിലെത്തി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ അഞ്ച് ലോക്സഭാംഗങ്ങള്‍ ബി ജെ പി വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഏഴ് രാജ്യസഭാംഗങ്ങളാണ് പാര്‍ട്ടിവിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

170 എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിട്ട് പുറത്തു പോയപ്പോള്‍ 38 പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എം എല്‍ എമാര്‍ കൂറുമാറിയത് വഴി സര്‍ക്കാര്‍ താഴെ വീണ സംസ്ഥാനങ്ങളായിരുന്നു മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവ.

പ്രസ്തുത കാലയളവില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി കൂറു മാറിയ 405 എം എല്‍ എമാരില്‍ 182 പേരും ബി ജെ പിയിലേക്കാണ് പോയത്. 38 പേര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയപ്പോള്‍, 25 പേര്‍ തെലങ്കാന രാഷ്ട്ര സിമിതിയിലേക്ക് (ടി ആര്‍ എസ്) പോയി.