സി കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ നേതൃത്വം

single-img
9 March 2021

ഏതാനും ദിവസം മുന്‍പ് മാത്രം എന്‍ഡിഎ മുന്നണിയിൽ തിരിച്ചെത്തിയ സി കെ ജാനുവിനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ നേതൃത്വം.

യാതൊരു വിധത്തിലും മുന്നണി മര്യാദകള്‍ പാലിക്കാതെ നേരത്തെ മുന്നണിവിട്ടുപോയ ജാനുവിനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. അതേസമയം, ഈ തെരഞ്ഞെടുപ്പിൽ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടിക്ക് ആറ് സീറ്റുകള്‍ വരെ എന്‍ഡിഎ നല്കിയേക്കുമെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി കെ ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. പക്ഷെ ജാനു മുന്നണിയില്‍ വീണ്ടുമെത്തിയത് എന്‍ഡിഎ ജില്ലാ ഘടകത്തിന്‍റെ അറിവോടെയല്ലെന്നാണ് ചെയര്‍മാന്‍ സജി ശങ്കര്‍ പറയുന്നത്. പാര്‍ട്ടിയെ തള്ളിപറഞ്ഞാണ് ജാനു മുന്നണി വിട്ടതെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ കുറ്റപ്പെടുത്തി.