ഇന്ധന വില വർധന: രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ നിര്‍ത്തിവെച്ചു

single-img
8 March 2021

രാജ്യസഭയിൽ ഇന്ധന വിലവര്‍ധനവിനതിരായ പ്രതിപക്ഷ പ്രതിഷേധം.  കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. സുപ്രധാന വിഷയമാണെന്നും വിലവര്‍ധന മൂലം ജനം നട്ടംതിരിയുകയാണെന്നും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചത്. ഇതില്‍ തൃപ്തിയാവാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ രാവിലെ 11 മണിവരെ നിര്‍ത്തിവെച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കടുത്തെത്തി. ഡീസലിന് 80 രൂപയിലേറെയായി. എക്സൈസ് ഡ്യൂട്ടിയും സെസ്സും വഴി സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്ധന വിലവര്‍ധന ഉന്നയിച്ച് ലോക്സഭയില്‍ കെ മുരളീധരന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിെലടുത്ത് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം വെട്ടിച്ചുരുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധനബില്ലും ധനാഭ്യര്‍ഥനകളും പാസാക്കുകയാണ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജന്‍ഡ.