‘നോ വോട്ട് ഫോര്‍ ബിജെപി’ ബിജെപിക്കെതിരെ പ്രചരണവുമായി ബംഗാളില്‍ ജനകീയ കൂട്ടായ്മ

single-img
1 March 2021

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്കെതിരെ ബംഗാളില്‍ ജനകീയ കൂട്ടായ്മ. ഭരണം പിടിക്കുക ലക്ഷ്യമിട്ട് ബിജെപി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസും പരസ്പരം വെല്ലുവിളി ഉയര്‍ത്തുകയും കോണ്‍ഗ്രസും ഇടതുപക്ഷവും മറു തന്ത്രം ആലോചിക്കുകയും ചെയ്യുമ്പോഴാണ് ബിജെപി വിരുദ്ധ പ്രചരണവുമായി സാധാരണക്കാരുടെ കൂട്ടായ്മ ബിജെപി വിരുദ്ധ വാദം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.

‘നോ വോട്ട് ഫോര്‍ ബിജെപി’ എന്ന തലക്കെട്ടാണ് പ്രചരണത്തിന് ഇവർ നല്‍കിയിരിക്കുന്നത്. ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ ഇവര്‍ പ്രചരണം നടത്തുന്നു. മറ്റേത് പാര്‍ട്ടിക്ക് വോട്ടു ചെയ്താലും ബിജെപിയ്ക്ക് വോട്ടു ചെയ്യരുതെന്നും സംഘപരിവാര്‍ ശക്തികളെ ബംഗാളില്‍ നിന്നും തുരത്തണം എന്ന രീതിയിലാണ് പ്രചരണങ്ങളുടെ പോക്ക്.

വീദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെല്ലാമാണ് ബിജെപി വിരുദ്ധതയ്ക്ക് വേണ്ടി കൈ കോര്‍ത്തിരിക്കുന്നത്. 2020 നവംബറിലും ബംഗാളില്‍ സമാന രീതിയില്‍ സമൂഹത്തിലെ വിവിധ തുറയിലുള്ള ആള്‍ക്കാര്‍ കൈകോര്‍ത്ത് ബിജെപി വിരുദ്ധ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. അതിന്റെ പിന്‍തുടര്‍ച്ചയായിട്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്. നേരത്തേ നവംബറിലും ”ബംഗാള്‍ ആര്‍എസ്എസ് ബിജെപി ഫാസിസ്റ്റുകള്‍ക്ക് എതിര്’ എന്നതായിരുന്നു അന്നത്തെ പ്രചരണം.

ബംഗാള്‍ എക്കാലത്തും സംഘപരിവാറുകാരുടെ ഹിന്ദുത്വ ആശയത്തിന് എതിരാണ്. ബിജെപി ബംഗാളില്‍ പരാജയപ്പെടും. ഫാസിസ്റ്റ് ആക്രമണം ഇന്ത്യയില്‍ നേട്ടം കൊയ്യാതിരിക്കാന്‍ ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്താതെ നോക്കുക എന്നത് ഏറെ നിര്‍ണ്ണായകമാണ്. ” കൂട്ടായ്മയുടെ കണ്‍വീനര്‍മാര്‍ പറയുന്നു.

2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെയും മതേതരത്വത്തെയും കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടച്ചുമാറ്റി, ഇന്ത്യയുടെ സ്വതന്ത്ര സ്ഥാപനങ്ങളില്‍ തന്ത്രപരമായി ഇടപ്പെട്ട് അതിനെ നിശബ്ദമാക്കിയെന്നും കണ്‍വീനര്‍മാരില്‍ ഒരാളായ ദേബ്‌നാഥ് പറയുന്നു.

കുടിയേറ്റ തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നത് കണ്ടു, കരി നിയമങ്ങള്‍ കൊണ്ടു വന്ന് പാര്‍ലമെന്റിന്റെ ഏറ്റവും ക്രൂരമായ മുഖം കണ്ടു. എതിര്‍ ശബ്ദങ്ങള്‍ക്ക് മേല്‍ മസില്‍ പെരുപ്പിക്കുന്നതും സാമൂഹ്യ ബോദ്ധ്യങ്ങളെ അഴിക്കുള്ളിലാക്കുന്നതും കണ്ടു. മുസ്‌ളീങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നു. ഇവരെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത്. അതുകൊണ്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനത്തുള്ളവര്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യരുതെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും ദേബ്‌നാഥ് പറയുന്നു.

പ്രചരണത്തില്‍ തങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്യാന്‍ ഇവര്‍ പറയുന്നില്ല. ആള്‍ക്കാര്‍ക്ക ടിഎംസിയ്‌ക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ വോട്ടു ചെയ്‌തോട്ടെ. എന്നാല്‍ ബിജെപിയ്ക്ക് മാത്രം വോട്ടു ചെയ്യരുത് എന്നാണ് ജനങ്ങളോട് അപേക്ഷിക്കുന്നത്. ജനകീയ കൂട്ടായ്മയ്ക്കായി കൊല്‍ക്കത്തയില്‍ നിന്നുള്ള 48 കണ്‍വീനര്‍മാരാണ് 16 ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് പ്രചരണം നടത്തുന്നത്. കൂട്ടായ്മ രൂപീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളില്‍ 90 ഇടത്തും ഇവര്‍ പ്രചരണം നടത്തിക്കഴിഞ്ഞു. അടുത്ത രണ്ടു മാസം കൊണ്ട് മറ്റു നിയമസഭാ മണ്ഡലങ്ങളിലും ഇവര്‍ പ്രചരണവുമായി എത്തും.

സംസ്ഥാനത്തെ വിവിധ മേഖലയില്‍ ഉള്ളവരില്‍ നിന്നും പിന്തുണ കിട്ടുന്നുണ്ടെന്നും സിനിമ, സംഗീതം, നാടകം, സാഹിത്യം എന്നീ മേഖലകളില്‍ നിന്നെല്ലാം കൂട്ടായ്മയില്‍ ചേരാന്‍ ആള്‍ക്കാര്‍ എത്തുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ വരുന്നുണ്ട് . ഇവരെല്ലാം അവരുടെ പാര്‍ട്ടിയുടെ ആശയത്തില്‍ എത്തിയവരല്ലെന്നും ബിജെപി ബംഗാളില്‍ അധികാരത്തില്‍ വരരുത് എന്ന ഒറ്റ ചിന്തയില്‍ ഒരുമിച്ച് കൂടിയവരാണെന്നും മറ്റൊരു സമിതിയംഗം പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടായ്മ ‘ബിജെപിയ്ക്ക് വോട്ടു ചെയ്യരുത്’ എന്ന മുദ്രാവാക്യത്തി യാദവ് പൂരില്‍ നിന്നും ഗാറിയയിലേക്ക് ജാഥ നടത്തി. നൂറിലധികം പേര്‍ ഇതില്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 10 ന് വിവിധ ജില്ലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് പടുകൂറ്റന്‍ റാലി കൊല്‍ക്കത്തയില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ്. സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മൗലാലിയില്‍ നിന്നും തുടങ്ങുന്ന റാലി എസ്പ്ലാനാഡേയില്‍ എത്തി പൊതുയോഗത്തോടെ അവസാനിക്കും. തെരുവുകളില്‍ നടത്തുന്ന പ്രചരണത്തിനൊപ്പം ഇവര്‍ ഓണ്‍ലൈനിലും പ്രചരണം നടത്തുന്നുണ്ട്. ‘നോ വോട്ട് ഫോര്‍ ബിജെപി’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ 18,000 പേരും മറ്റൊരു പേജില്‍ 1,900 പേരുമുണ്ട്