യുഡിഎഫ് പ്രവേശനവും നടന്നില്ല; പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ പിസി ജോര്‍ജ്

single-img
27 February 2021

ഇടത് മുന്നണിക്ക്‌ പിന്നാലെ യുഡിഎഫ് പ്രവേശനവും കൂടി അടഞ്ഞതോടെ പൂഞ്ഞാറിൽ ജനപക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി പിസി ജോർജ് നിയമസഭയിലേക്ക് മത്സരിക്കും. മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായാണ് പി.സി ജോർജ്ജ് വീണ്ടും പൂഞ്ഞാറില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പായി എന്‍ഡിഎ ഉള്‍പ്പടെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാന്‍ പി സി ജോർജ്ജും ജനപക്ഷവും ശ്രമിച്ചിരുന്നു. പക്ഷെ ഇത് നടക്കാതെ പോകുകയായിരുന്നു. ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശനത്തിന് തടസമായി നിന്ന ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസിനേയും രൂക്ഷമായ ഭാഷയില്‍ പിസി വിമർശിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെങ്കിലും ആര് പിന്തുണ നല്കിയാലും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാണ്. ന്യൂനപക്ഷ ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് പിസി ജോർജിന്റെ പ്രചരണം.