മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു: കെ സുരേന്ദ്രന്‍

single-img
23 February 2021

കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് മലബാർ സംസ്ഥാനം രൂപീകരിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്‍ലീം ലീ​ഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണെന്നും വിജയയാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. ബാം​ഗ്ലൂരിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാൻ തീരുമാനമുണ്ടായത്.

1921ൽ മലപ്പുറത്ത് സംഭവിച്ചത് ഇപ്പോള്‍ കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. കേരളം ഇപ്പോള്‍ ഒരു അ​ഗ്നി പർവ്വതത്തിന് മുകളിലാണ്. വടകരയിലെ പുതുപ്പണത്ത് നിന്നുപോലും യുപിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോകുന്നു. ലൗജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. വിജയ സാധ്യതയുള്ള സീറ്റൊക്കെ ലീ​ഗിന്റെ കയ്യിലാണ്. ഇതിനിടയില്‍ കൊടുവള്ളിയിൽ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ മറ്റു പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാഗത്തിനുള്ള റിസർവേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്.

ഇത്തവണ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീ​ഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. അവിടെ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്‍ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.