ആഴക്കടൽ മത്സ്യബന്ധന കരാർ: ഇ.എം.സി.സി കമ്പനിയുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനോട് എഴുതി ചോദിച്ചിരുന്നു; സർ‌ക്കാരിനെതിരെ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷനേതാവ്

single-img
22 February 2021

ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർ‌ക്കാരിനെ പ്രതിരോധത്തിലാക്കി കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പനിയെക്കുറിച്ചും കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ചും അറിയാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നുവെന്നും സർക്കാരിന്റെ കള‌ളം പൊളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇ.എം.സി.സി കമ്പനിയുടെ പദ്ധതിയെ കുറിച്ച് സർക്കാർ വിശദമായി പരിശോധിച്ചിരുന്നു. കേന്ദ്രത്തോട് ഇതിനെ സംബന്ധിച്ച് എഴുതി ചോദിച്ചിരുന്നു. ശേഷമാണ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോയത്. പ്രതിപക്ഷം പറഞ്ഞില്ലായിരുന്നെങ്കിൽ ഈ അഴിമതിയിൽ സർക്കാർ ഉത്തരവ് ഇറക്കിയേനെയെന്നും ചെന്നിത്തല ആരോപിച്ചു.

അഴിമതി പുറത്തുവന്നപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കൈകഴുകാൻ സർക്കാർ ശ്രമിക്കുകയാണെന്നും യഥാർത്ഥ പ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കമ്പനി അധികൃതരെ കണ്ടിട്ടില്ലെന്നും ഫെബ്രുവരി 11ന് ഇ.എം.സി.സി പ്രതിനിധികൾ മന്ത്രി ഇ.പി ജയരാജന്റെ ഓഫീസിൽ വന്ന് അപേക്ഷ നൽകി എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തൊരു കള‌ളമാണെന്നും ചെന്നിത്തല ചോദിച്ചു. 2019 ഓഗസ്റ്റ് മാസത്തിൽ ഇ.എം.സി.സിയുടെ സിഇ ഒയുമായി ക്‌ളിഫ്ഹൗസിൽ ചർച്ച ചെയ്‌തെന്ന് കമ്പനി പ്രസിഡന്റ് ഷിജു വർഗീസ് തന്നെ പറഞ്ഞിട്ടുണ്ട്.

പ്രതിപക്ഷ നേതാവുമായി കമ്പനി ഗൂഢാലോചന നടത്തിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ ആരോപിച്ചെന്നും ചെന്നിത്തല പരിഹസിച്ചു. ഈ കമ്പനിയുമായുള‌ള എല്ലാ കരാറുകളും റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.