പ്രളയദുരിതാശ്വാസ ഫണ്ടുതട്ടിപ്പ്: തട്ടിയത് 27 ലക്ഷം; സി.പി.എം. പ്രാദേശിക നേതാക്കളും കലക്ടറേറ്റ് മുന്‍ ജീവനക്കാരനുമുൾപ്പെടെ 7 പ്രതികൾക്കെതിരെ കുറ്റപത്രം

single-img
9 February 2021

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ കലക്ടറേറ്റ് മുന്‍ ജീവനക്കാരനടക്കം ഏഴു പ്രതികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സെക്ഷന്‍ ക്ലാര്‍ക്ക് കാക്കനാട് മാവേലിപുരം െവെഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്, കാക്കനാട് മാധവംവീട്ടില്‍ ബി. മഹേഷ്, സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കാക്കനാട് പതിമുഗള്‍ മറയക്കളത്ത് എം.എം. അന്‍വര്‍, ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗവുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു, സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം നിഥിന്‍, ഭാര്യ ഷിന്റു എന്നീ പ്രതികള്‍ക്കെതിരേയാണു കുറ്റം ചുമത്തിയത്. പ്രതികള്‍ 27 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡിെവെ.എസ്.പിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് െവെ. സഫീറുള്ള, നിലവിലെ കലക്ടര്‍ എസ്. സുഹാസ് തുടങ്ങിയവരടക്കം172 സാക്ഷികളാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാരനായ ഒന്നാം പ്രതിയും മറ്റു രണ്ടുപ്രതികളും നിയമവിരുദ്ധമായി ഗൂഢാലോചന നടത്തി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ വിഭാഗം ഓഫീസില്‍നിന്നു പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നല്‍കിയിരുന്നത്. ഇത് മുതലെടുത്ത് പ്രളയത്തില്‍ ഇരയാകാത്ത സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി എം.എം. അന്‍വറിന് ഗഡുക്കളായി തുക ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചെന്നാണു കേസ്. പൊതു സമ്പത്ത് അന്യായമായി െകെവശപ്പെടുത്തി അനധികൃതമായി ധനം സമ്പാദിച്ചെന്നും ഇതിനായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

ഒന്നാംപ്രതി വിഷ്ണുപ്രസാദ് മാത്രം പ്രതിയായ മറ്റൊരു കേസും തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. 73 ലക്ഷം രൂപ ഇയാള്‍ മാത്രം തട്ടിയെടുത്തെന്നാണ് രണ്ടാമത്തെ കേസ്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഗൂഢാലോചനയില്‍ പങ്കാളികളായെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതി അറസ്റ്റിലായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാല്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടിയിരുന്നു. വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാം കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.