ഈ സർക്കാർ ലോക തോൽവി, അടിമുടി അഴിച്ചുപണി കേരളത്തിന് ആവശ്യമാണ്: ധർമജൻ

single-img
28 January 2021

സംസ്ഥാനത്തെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി. കോൺഗ്രസ് പാർട്ടി നേതൃത്വം പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ പറഞ്ഞു. എന്നാൽ ഇതുവരെ നേതാക്കൾ ആരും തന്നെ സമീപിച്ചിട്ടില്ല. ഔദ്യോഗികമായി യാതൊരു ഉറപ്പും ഇത് സംബന്ധിച്ച് ലഭിച്ചിട്ടുമില്ല എന്ന് ധർമജൻ പറയുന്നു.

പക്ഷേ താൻ എക്കാലവും അടിയുറച്ച കോൺഗ്രസ് പ്രവർത്തകൻ തന്നെയാണെന്ന് ധർമജൻ വ്യക്തമാക്കി. ”ഈ തിരഞ്ഞെടുപ്പിൽ തനിക്ക് ചെയ്യാവുന്നതെല്ലാം കോൺഗ്രസിനു വേണ്ടി ചെയ്യും. കാരണം ഈ സർക്കാർ ലോക തോൽവിയാണ്. അടിമുടി അഴിച്ചുപണി കേരളത്തിന് ആവശ്യമാണ്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന്റെ പ്രവൃത്തികളിൽ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ സർക്കാരിൻറെ തുടർച്ച ഉണ്ടാകാതിരിക്കാൻ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം.

അത് സ്ഥാനാർത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും. സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാൽ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും”- ധർമജൻ ബോൾഗാട്ടി പറഞ്ഞു.

ബാലുശ്ശേരിയിൽ ഇപ്പോൾ തൻറെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. ഇത് എങ്ങനെ എന്ന് അറിയില്ല. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ബാലുശ്ശേരിയിൽ ഒന്നുലധികം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ട്. ടി സിദ്ദിഖ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേർത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്ന് ധർമജൻ പറയുന്നു.