“ഞാൻ ശിവനാണ്, കോവിഡ് ഉൽഭവിച്ചത് എൻ്റെ ശരീരത്തിൽ നിന്ന്“: ആന്ധ്രയിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ സ്ത്രീ

single-img
28 January 2021
padmaja naidu alekhya divya purushottam naidu andhra murder

ഹൈദരാബാദ്: ദുരാത്മാക്കളെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച് പുനർജ്ജനിപ്പിക്കാനാണ് താൻ തൻ്റെ മക്കളെ കൊലപ്പെടുത്തിയതെന്ന് സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പദ്മജ നായിഡു. കടുത്ത അന്ധവിശ്വാസങ്ങൾ മൂലം മാനസിക സമനില തെറ്റിയ ആളെപ്പോലെയാണ് ഇവർ പെരുമാറുന്നത്.

“ഞാൻ ശിവനാണ്, കോറോണ വന്നത് ചൈനയിൽ നിന്നല്ല, എൻ്റെ ശരീരകണങ്ങളിൽ നിന്നാണ്.” ജയിലിലേയ്ക്ക് പോകുന്ന വഴിയിൽ ഇവർ പൊലീസിനോട് വിളിച്ച് പറഞ്ഞു.

വരുന്ന മാർച്ചോടുകൂടി വാക്സിനുകൾ ഇല്ലാതെതന്നെ കൊറോണ അപ്രത്യക്ഷമാകുമെന്നും തൻ്റെ കോവിഡ് ടെസ്റ്റിനായി സ്വാബ് എടുക്കാൻ വന്ന ആരോഗ്യപ്രവർത്തകരോട് ഇവർ പറഞ്ഞു. ഗണിതശാസ്ത്രത്തിൽ ഗോൾഡ് മെഡലോടെ ബിരുദാനനന്തര ബിരുദം പാസായ പദ്മജയും രസതന്ത്രത്തിൽ പിഎച്ച്ഡിയുള്ള ഗവണ്മെൻ്റ് കോളജ് അധ്യാപകൻ അവരുടെ ഭർത്താവ് പുരുഷോത്തം നായിഡുവും ചേർന്നായിരുന്നു തങ്ങളുടെ മക്കളായ അലേഖ്യ (27)യെയും ദിവ്യ(23)യെയും കൊലപ്പെടുത്തിയത്.

“ഞാനൊരു വിഡ്ഢിയല്ല, ഞാൻ പിഎച്ച്ഡിക്കാരനാണ്. ഇത് ഞങ്ങൾ ചെയ്യണമെന്ന് കൃത്യമായ സന്ദേശങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.” പുരുഷോത്തം നായിഡു പൊലീസിനോട് പറഞ്ഞു

alekhya dicya andhra superstition murder

അലേഖ്യയുടെ മൃതദേഹം ഒരു ചുവന്ന സാരി ധരിച്ച നിലയിൽ പൂജാമുറിയിലും ദിവ്യയുടെ മൃതദേഹം നഗ്നമായ നിലയിൽ മറ്റൊരു മുറിയിലുമായിരുന്നു കാണപ്പെട്ടത്. രണ്ടുപേരെയും ഡംബെൽ കൊണ്ട് അടിച്ചും തൃശൂലം കൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്. രക്തം വാർന്ന് മരിച്ചനിലയിലായിരുന്നു യുവതികൾ.

തൻ്റെ “പ്രത്യേക മാനസികനില”യിൽ നിന്നും പെട്ടെന്ന് ഭാഗികമായി ബോധോദയമുണ്ടായ പുരുഷോത്തം നായിഡു മക്കൾ രക്തം വാർന്ന് മരിക്കുന്നത് സഹിക്കാനാകാതെ തൻ്റെ സുഹൃത്തിനെ വിളിച്ചതോടെയാണ് പൊലീസ് വിവരമറിഞ്ഞത്.

എന്നാൽ പുരുഷോത്തം കാണിച്ചഈ തിടുക്കമാണ് മക്കളുടെ പുനർജനിക്ക് തടസമായതെന്നാണ് പദ്മജയുടെ വാദം.

“നിങ്ങൾക്ക് ഒരു അരമണിക്കൂർ കാത്തിരിക്കാൻ പാടില്ലായിരുന്നോ? നിങ്ങൾ വിശ്വാസം കാത്തുസൂക്ഷിച്ചെങ്കിൽ നമ്മുടെ മക്കൾ ജീവനൊടെ തിരിച്ചുവന്നേനേ” എന്നായിരുന്നു പദ്മജ തൻ്റെ ഭർത്താവിനോട് പൊലീസിൻ്റെ മുന്നിൽ വച്ച് ചോദിച്ചത്.

തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനോട്: “നിങ്ങളിപ്പോൾ എൻ്റെ ഭർത്താവല്ല, ഞാൻ ശിവനാണ്.“ എന്നായിരുന്നു പദ്മജ പ്രതികരിച്ചത്.

താൻ തന്നെയാണ് മക്കളെ ഡംബെൽ കൊണ്ടടിച്ചതെന്ന് പദ്മജ പൊലീസിനോട് പറഞ്ഞു. കലിയുഗം അവസാനിക്കുകയാണെന്നും സത്യയുഗം ഉടൻ ആരംഭിക്കുമെന്നുമാണ് പദ്മജയുടെ വാദം. കൊല്ലപ്പെട്ട പെൺകുട്ടികൾക്കും മാതാപിതാക്കളെപ്പോലെ ഇത്തരം അന്ധവിശ്വാസങ്ങളുൻ്റായിരുന്നു എന്നാണ് സമീപകാലത്ത് സമൂഹ മാധ്യമങ്ങളിലിട്ട പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.

“I am Shiva; Covid Came From Me, Not China”: Andhra Woman Who Killed 2 Daughters