താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം സുപ്രീം കോടതി റദ്ദാക്കി

single-img
27 January 2021

ചില ഹിന്ദു മത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കി സുപ്രീം കോടതി.

ഹർജി പരിഗണിച്ച അശോക് ഭൂഷണ്‍, ആര്‍.സുഭാഷ് റെഡ്ഢി, എം ആര്‍ ഷാ തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ളതല്ലെന്ന് കോടതി ഓർമ്മപ്പെടുത്തി.

‘നിയമപ്രകാരം പോലും നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങളുണ്ട്.മറ്റ് മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ നിങ്ങള്‍ അധികാരമില്ല’, സുപ്രീം കോടതി പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രിക്ക് ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് താണ്ഡവ് ടീം ഖേദം പ്രകടനം നടത്തി രംഗത്തെത്തിയിരുന്നു.