മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്; അച്ഛനെതിരെ ഇളയ മകന്റെ മൊഴി

single-img
9 January 2021
Kadakkavoor POCSO case mother child

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവായി ഇളയമകൻ്റെ മൊഴി. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ പിതാവ് തൻ്റെ സഹോദരനെ നിര്‍ബന്ധിച്ചിരുന്നുവെന്ന് ഇളയകുട്ടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ തങ്ങളുടെ മകളെ കേസില്‍ കുടുക്കിയതാണെന്ന് പ്രതിയായ സ്ത്രീയുടെ മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ഇവർ ആരോപിക്കുന്നു.

തൻ്റെ പതിനാല് വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയായ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിയായ 37 വയസുകാരി അറസ്റ്റിലായത്. 17ഉം 14ഉം 11ഉം  വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. പ്രണയവിവാഹമായിരുന്നെങ്കിലും ഭർത്താവിൽ നിരന്തര പീഡനം മൂലം മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. ഇതോടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.

തുടർന്ന് മൂന്ന് കുട്ടികളെയും ഭര്‍ത്താവ് തൻ്റെയൊപ്പം കൊണ്ടുപോകുകയായിരുന്നു. ഇതിലൊരു കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയ്ക്കെതിരെ കേസും അറസ്റ്റും. എന്നാല്‍ മകനെ കൊണ്ട് ഭര്‍ത്താവ് പറഞ്ഞ് പറയിപ്പിച്ചതാകാമെന്നാണ് യുവതിക്കൊപ്പമുള്ള കുട്ടിയുടെ വാക്കുകള്‍ നൽകുന്ന സൂചന. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

Content: Kadakkavoor POCSO case fabricated: indicates revelation of younger child