1966ന് ശേഷം ആദ്യം; വിദേശ അതിഥിയില്ലാതെ ഇന്ത്യയുടെ റിപ്പബ്ലിക്ക് പരേഡ്

single-img
7 January 2021

ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ വിദേശ അതിഥിയുണ്ടാവില്ല. അമ്പത്തഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായിണ് വിദേശ അതിഥിയില്ലാതെ ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ പോകുന്നത്. 1966 ലാണ് ഇതിനു മുന്‍പ് വിദേശ രാഷ്ട്ര പ്രതിനിധിയില്ലാതെ റിപ്പബ്ലിക്ക് പരേഡ് നടന്നത്. ജനുവരി 11 നു അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിച്ചതിനെത്തുടര്‍ന്നാണ് ഇത്.

ജനുവരി 24 നു ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലേറിയെങ്കിലും വിദേശ പ്രതിനിധിയെ ക്ഷണിച്ചിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തെക്കുറിച്ചു ആലോചിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ വിദേശ അതിഥിയെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും അനൗചിത്യവുമാണ് ഇത്തവണ വിദേശ അതിഥിയെ ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കാന്‍ കാരണം. മിക്ക രാജ്യ തലവന്മാരും കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ തിരക്കിലായതും ഒരു കാരണമായി കണക്കാക്കുന്നു.