എന്നെ വിവാഹം കഴിക്കണമെന്നാണ് അയാള്‍ പറഞ്ഞത്; യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ വർഗീയവത്കരിക്കരുതെന്ന് അഹാന

single-img
5 January 2021

തിരുവനന്തപുരത്തെ തന്റെ വീട്ടിൽ മലപ്പുറം സ്വദേശിയായ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഫസൽ ഉൾ അക്ബറിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണു താൻ കരുതുന്നതെന്നും നടി പറയുന്നു. ഇയാളുടെ പേരോ സ്ഥലമോ ആയി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇക്കാര്യത്തെ വർഗീയവത്കരിക്കരുതെന്നും അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ വഴി പറയുന്നു.

ഈ സംഭവം നടക്കുന്ന സമയം താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നാണ് ഫസൽ ഉൾ അക്ബർ പോലീസിനോട് പറഞ്ഞതെന്ന് മനസിലാക്കുന്നതെന്നും നടി പറയുന്നു. ഇതുപോലുള്ള സിനിമാറ്റിക് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

“എന്റെ കുടുംബം മുഴുവൻ ഇതുകാരണം ഭയന്നുവിറച്ചിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവർ ഇത്തരത്തിൽ പ്രവർത്തിച്ചിട്ട് കടന്നുകളയാമെന്ന് കരുതരുത്. സ്വന്തം ജീവിതം നശിപ്പിക്കരുത്. സ്വകാര്യതാ ലംഘനത്തിനും ഏറെ അപ്പുറമാണിത്. ഇത് വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ സംഭവത്തിന് പ്രതിയുടെ പേരുമായോ സ്ഥലവുമായോ യാതൊരു ബന്ധവുമില്ല.’-അഹാന പറയുന്നു.