പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വധഭീഷണി; കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്ത് പോസ്റ്ററുകള്‍

single-img
2 January 2021

പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വധഭീഷണിയുമായി വ്യാപക പോസ്റ്ററുകള്‍. സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മൊഹാലിയിലുള്ള ഗൈഡ് മാപ്പ് ബോര്‍ഡിലാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കും. കൊലപാതകിയുടെ വിവരം ഒരുകാരണവശാലും പുറംലോകമറിയില്ല. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം’, എന്നായിരുന്നു പോസ്റ്ററില്‍ പറഞ്ഞിരുന്നത്.

ഇന്റര്‍നെറ്റ് സൈബര്‍ കഫേയില്‍ നിന്നാണ് ഈ പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലായതായി പോലീസ് പറഞ്ഞു. പോസ്റ്ററില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ അഡ്രസ്സ് വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.