രാജൻ്റെയും അമ്പിളിയുടെയും മക്കളെ ചേർത്ത് പിടിച്ച് സർക്കാർ; വീട് വെച്ച് നൽകും

single-img
29 December 2020
neyyattinkara suicide case pinarayi vijayan

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്‍റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. കുട്ടികൾക്ക് വീടും സ്ഥലവും നൽകും. പിതാവിൻ്റെ ശവസംസ്കാരത്തിനായി കുഴിയെടുക്കുന്ന ദൃശ്യങ്ങൾ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.

വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. ഇന്ന് തൃശ്ശൂരിലും എറണാകുളത്തുമായി കേരളപര്യടനപരിപാടിയിലാണ് മുഖ്യമന്ത്രി. 

സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി റൂറൽ എസ്പി ബി അശോക് കുമാറിൻ്റെ നേതൃത്വത്തിൽ ഒരു അന്വേഷണസംഘം രൂപീകരിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു.

അതേസമയം, കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു.

അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. 

മൂത്തമകനായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. ഇളയമകൻ രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയനിലയിലാണ്.

Content: CM Pinarayi’s immediate intervention in Neyyattinkara suicide case; Government will protect the children