കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 20 ദശലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും; രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി

single-img
22 December 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന കര്‍ഷക വിരുദ്ധമായ കാർഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. വരുന്ന വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ 20 ദശലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാർഷിക ബില്ലുകള്‍ക്കെതിരെ പാര്‍ട്ടി രാജ്യവ്യാപകപ്രചാരണം ആരംഭിച്ചുവെന്നും ബില്ലിനെതിരെ ലക്ഷക്കണക്കിന് കര്‍ഷകരുടെ ഒപ്പ് സമാഹരിച്ചെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളെ അറിയിച്ചു.

ഏത് രീതിയിലും കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും, അവഹേളിക്കാനും കേന്ദ്രസര്‍ക്കാര്‍ പലവഴികളും സ്വീകരിച്ചു. ഇതുവരെ മോദി സര്‍ക്കാരും അദ്ദേഹത്തിന്റെ മന്ത്രിമാരും കര്‍ഷകരെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയത്, വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.