എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 100 ബിറ്റ് കോയിന്‍; മൂല്യം 17 കോടി രൂപ

single-img
19 December 2020

മംഗളുരുവിലെ ഹാര്‍ഡ് വെയര്‍ കടയുടമയുടെ മകനായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് രാജ്യത്തെ 17 കോടി വിലമതിക്കുന്ന ബിറ്റ്‌കോയിന്‍. മംഗളുരുവിന് സമീപത്തുള്ള ബെല്‍ത്തങ്ങടിയില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ട് പോകലില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍ ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കര്‍ണാടക പോലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ പിന്നീട് മാതാപിതാക്കളുമായി ബന്ധപ്പെട്ടാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് 100 ബിറ്റ്‌കോയിന്‍ നല്‍കിയാല്‍ കുട്ടിയെ വിട്ടുതരാമെന്നും, അല്ലെങ്കില്‍ കുട്ടിയെ കൊന്നു കളയുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, അതിന് ശേഷം നടത്തിയ ചര്‍ച്ചയില്‍ മോചനദ്രവ്യം 10 കോടി രൂപയായും, ഒടുവില്‍ അത് 25 ലക്ഷം രൂപയുമായും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഹാര്‍ഡ് വെയര്‍ ബിസിനസ് രംഗത്തുള്ള കുട്ടിയുടെ പിതാവ് ബിറ്റ്‌കോയിന്‍ നിക്ഷേപകനാണെന്ന് അറിയുന്നവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.