വിവാഹ ദിനത്തിൽ വീടിന്റെ മേൽക്കൂരയിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആരതിയെ കൈവിടാതെ ഒപ്പം കൂട്ടി വരൻ

single-img
19 December 2020

പ്രണയ തകർച്ചകളും വിവാഹ മോചനങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈകാലത്തു വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വധുവിനെ ചേര്‍ത്തു നിര്‍ത്തി കണ്ണിമ ചിമ്മാതെ അവ്ദേഷ് കാവലിരിക്കുകയാണ് ആശുപത്രിൽ. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സ്വദേശികളായ ആരതി മോർയയുടെയും അവ്ദേഷിന്റെയും വിവാഹം കഴിഞ്ഞ ഡിസംബർ 8 നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹച്ചടങ്ങുകൾ തുടങ്ങാൻ വെറും എട്ട് മണിക്കൂർ ബാക്കി നിൽക്കെയാണ് ആരതിയ്ക്ക് അപകടം പറ്റിയത്.

വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ ആരതി അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ശരീരമാസകലവും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ആരതി മാസങ്ങളോളം എഴുന്നേൽക്കാനാകാതെ കിടക്കയിൽ കഴിയേണ്ടി വരുമെന്നും ചിലപ്പോൾ വൈകല്യമുണ്ടായേക്കാമെന്നും ഡോക്ടർമാർ അറിയിച്ചു.

ഇതിനെ തുടർന്ന് ആരതിയുടെ വീട്ടുകാർ അവ്ദേഷിനോട് ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ അവ്ദേഷ് അത് നിരസിച്ചു കൊണ്ട് ആരതിയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തുകയാണ് ചെയ്തത്. അവ്ദേഷ് സ്വന്തം കുടുംബാംഗങ്ങളുടെ എതിർപ്പ് പോലും മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിച്ചു .

ആശുപത്രിയിൽ കഴി‌ഞ്ഞ ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടെ അവ്ദേഷ് വിവാഹത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു. വിവാഹച്ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ആരതി സ്ട്രെച്ചറിൽ ആയിരുന്നു. ചടങ്ങുകൾക്ക് ശേഷം അവ്ദേഷ് തന്നെ ആരതിയെ ആശുപത്രിയിലെത്തിച്ചു. ആരതിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഇനിയും ഏതാനും മാസങ്ങൾ ആരതിയ്ക്ക് കിടക്കയിൽ തന്നെ തുടരേണ്ടി വരും. ഒരുനാൾ തനറെ പ്രിയതമ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയോടെ ആശുപത്രിയിൽ കണ്ണിമ ചിമ്മാതെ ആരതിയ്ക്ക് കാവൽ നിൽക്കുന്നതും അവ്ദേഷ് തന്നെയാണ്.