നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ്; കോവിഡ് വാക്‌സിനെതിരെ ബ്രസീൽ പ്രസിഡന്റ് ബോല്‍സനാരോ

single-img
19 December 2020
Jair Bolsonaro

ഫൈസർ കൊവിഡ് വാക്‌സിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്‌സിനെടുത്താല്‍ നിങ്ങള്‍ മുതലയായി തീര്‍ന്നേമെന്ന് ബോല്‍സനാരോ.

‘ഫൈസറിന്റെ കരാറില്‍ വളരെ വ്യക്തമായി പറയുന്നത് ‘പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല’ എന്ന്. നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ്.’ ബോല്‍സനാരോ പറഞ്ഞു.

ഫൈസർ വാക്‌സിനെടുത്ത ശേഷം നിങ്ങള്‍ ഒരു അതിമാനുഷികനായാലോ, സ്ത്രീകള്‍ക്ക് താടി മുളക്കാന്‍ തുടങ്ങിയാലോ, പുരുഷന്മാര്‍ സ്ത്രീശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലോ ഫൈസര്‍ ഒന്നും ചെയ്യില്ലെന്നും പരിഹാരനടപടികളൊന്നും സ്വീകരിക്കില്ലെന്നും ബോല്‍സനാരോ പറയുന്നു.

‘വാക്‌സിന്‍ വേണമെന്ന് പറയുന്നവര്‍ക്കെല്ലാം അത് ലഭിക്കും. പക്ഷേ ഞാന്‍ കുത്തിവെയ്പ്പ് സ്വീകരിക്കില്ല. ഞാന്‍ തെറ്റായ മാതൃക നല്‍കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷെ ആ വിഡ്ഢികളോട് എനിക്ക് ഒന്നേ പറയാനുള്ളു, എനിക്ക് വൈറസ് വന്നുപോയതാണ്. അപ്പോള്‍ എന്റെ ശരീരത്തില്‍ ആന്റിബോഡി ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഞാന്‍ വാക്‌സിനെടുക്കുന്നത്.’ ബോല്‍സനാരോ പറഞ്ഞു.

കൊറോണ വൈറസ് വന്നു ഭേദമായവരില്‍ എത്ര നാളേക്കാണ് ആന്റിബോഡി നിലനില്‍ക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഒരിക്കല്‍ കൊവിഡ് ബാധിച്ചവരില്‍ വീണ്ടും രോഗം വരുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

നേരത്തെയും കൊവിഡിനെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും ബോല്‍സനാരോ വിവാദ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊവിഡ് വെറുമൊരു ജലദോഷപ്പനിയാണെന്നാണ് തുടക്കം മുതല്‍ ബോല്‍സനാരോ പറയുന്നത്.

ബ്രസീലില്‍ എഴുപത് ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,85,0000 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിനം 1000 കൊവിഡ് മരണങ്ങളാണ് ബ്രസീലില്‍ അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.