അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്: മരണത്തിൽ ദുരൂഹതയെന്ന് കെ സുരേന്ദ്രൻ

single-img
14 December 2020
sv pradeep k surendran

മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപെന്ന് കെ. സുരേന്ദ്രൻ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്.“

കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രദീപിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് എസ്. വി പ്രദീപ് അന്തരിച്ചത്. പ്രദീപ് സഞ്ചരിച്ച ആക്ടീവ് സ്കൂട്ടറിൽ പുറകിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തു.

മനോരമ, കൈരളി, മംഗളം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനൽ നടത്തിയ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും പിന്നീട് ദൃശ്യമാധ്യമരംഗം വിടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി യൂട്യൂബ് ചാനലുകളുടെ ഭാഗമായിരുന്ന പ്രദീപ് സ്വന്തമായി യൂട്യൂബ് ചാനൽ നടത്തിവരികയായിരുന്നു.

Content: Death of SV Pradeep to be investigated: BJP state Chief K Surendran