രണ്ടാംഘട്ട വോട്ടിങ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് ജില്ലകളിലും ഭേദപ്പെട്ട പോളിംഗ്; പാലക്കാട്ടു വോട്ടിംഗ് യന്ത്രം തകരാറിലായി വോട്ടർമാരുടെ പ്രതിഷേധം

single-img
10 December 2020

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്. 8.04 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട്ടില്‍ 8.75, പാലക്കാട് 8.09, തൃശൂരില്‍ 8.35, എറണാകുളം 8.32, കോട്ടയത്ത് 8.91 വോട്ടുകളാണ് ഇതുവരെ പോള്‍ ചെയ്തത്.

രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു. സമാധാനപരമായാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിംഗ് നടക്കുന്നത്. വൈകിട്ട് ആറുവരെയാണ് പോളിംഗ് സമയം. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്‌സും 265 പ്രവാസികളും ഉള്‍പ്പെടെ 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൊവിഡ് പശ്ചാതലത്തില്‍ കര്‍ശന സുരക്ഷായോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പാലക്കാട് നഗരസഭയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടര്‍മാരുടെ പ്രതിഷേധം. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് പ്രതിഷേധം അരങ്ങേറിയത്. രണ്ട് തവണയാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. 23ാം വാര്‍ഡിലെ മൂന്ന് വോട്ടിംഗ് യന്ത്രങ്ങളും തകരാറിലായതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം റിട്ടേണിംഗ് ഓഫീസര്‍ നേരിട്ടെത്തി തകരാര്‍ പരിഹരിച്ചു.