അമേരിക്കയിൽ രണ്ടു മാസത്തിനുള്ളിൽ രണ്ടരലക്ഷം പേർ കൂടി മരിച്ചേക്കും; എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്ന്‌ അഭ്യർഥിച്ച ബൈഡൻ

single-img
4 December 2020

രണ്ടു മാസത്തിനകം രണ്ടരലക്ഷം പേർ കൂടി അമേരിക്കയിൽ മരിച്ചേക്കുമെന്ന്‌ ബൈഡൻ. കാരണം, ജനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. എല്ലാവരും മാസ്‌ക്‌ ധരിക്കണമെന്ന്‌ അഭ്യർഥിച്ച ബൈഡൻ, താൻ മാസ്‌ക്‌ ധരിക്കുന്നത്‌ തനിക്കുവേണ്ടിയല്ല മറ്റുള്ളവർക്കുവേണ്ടിയാണെന്ന്‌ വ്യക്തമാക്കി. അത്‌ ദേശാഭിമാനപരമായ കടമയാണ്‌. മാസ്‌ക്‌ ധരിക്കുമ്പോൾ നിങ്ങൾ മറ്റുള്ളവരെ സഹായിക്കുകയാണ്‌. ഡെലവേറിലെ വിൽമിങ്‌ടണിൽ ചെറുകിട ബിസിനസ്‌ ഉടമകളും തൊഴിലാളികളുമടങ്ങിയ സംഘത്തോട്‌ സംസാരിക്കുകയായിരുന്നു ബൈഡൻ.

വരുന്ന ക്രിസ്‌മസ്‌–-പുതുവത്സര അവധിക്കാലത്ത്‌ യാത്രകൾ ഒഴിവാക്കണമെന്ന്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ജനങ്ങളോട്‌ അഭ്യർഥിച്ചു. കോവിഡ്‌ അമേരിക്കയിൽ വീണ്ടും അതീവ ഗുരുതരസ്ഥിതി ഉണ്ടാക്കിയിരിക്കെ ആണ് ഇത്‌. ആരെയും ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വസ്‌തുതകൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ യാഥാർഥ്യമാവുകയാണ്‌. എന്നാൽ, അതല്ല ഏറ്റവും പ്രധാനം. വാക്‌സിനേഷൻ നടത്തുന്നതുവരെ മുൻകരുതൽ വേണം. വാക്‌സിനേഷൻ ചെലവുള്ളതാണ്‌. 34 കോടി അമേരിക്കക്കാർക്കും മറ്റുള്ളവർക്കും വാക്‌സിൻ പ്രാപ്യമാണെന്ന്‌ ഉറപ്പാക്കുന്നതിനെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. അത്‌ സാധിച്ചാൽ പുറത്തിറങ്ങാനും രീതി മാറ്റാനും കഴിയുമെന്നും ബൈഡൻ പറഞ്ഞു.

അതേസമയം, അമേരിക്കയിൽ കോവിഡ്‌ മരണം 2.80 ലക്ഷം കടന്നു. ബുധനാഴ്‌ച 3157 പേർ മരിച്ചത്‌ റെക്കോഡാണ്‌. രണ്ട്‌ ലക്ഷത്തിലധികമാളുകൾക്ക്‌ ഒറ്റദിവസം കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ആശുപത്രിയിലുള്ള കോവിഡ്‌ രോഗികളുടെ എണ്ണം ആദ്യമായി ലക്ഷം കടന്നു.