വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5.15 ലക്ഷം രൂപ പിഴയും

single-img
24 November 2020

2019 ഏപ്രിലിൽ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5.15 ലക്ഷം രൂപ പിഴയും. ഇരുപത്തേഴു വയസ്സുകാരനായ വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ നിധീഷി നെയാണ് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ശിക്ഷിച്ചത്.

ചിയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി നീതു (21)വിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകക്കുറ്റത്തിനു പുറമേ വീട്ടില്‍ അതിക്രമിച്ചു കയറല്‍, കുത്തിപ്പരിക്കേല്‍പ്പിക്കല്‍, തീ കത്തിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഒമ്പത് വര്‍ഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. നീതുവിന്റെ മുത്തശ്ശി വത്സലാ മേനോന് പിഴത്തുക നല്‍കാനും ഉത്തരവായി. അമ്മ മരിച്ച നീതുവിനെ വളര്‍ത്തിയത് മുത്തശ്ശിയായിരുന്നു.

2019 ഏപ്രില്‍ നാലിന് രാവിലെ 6.45-നാണ് കൊലപാതകം നടന്നത്. കാക്കനാട്ടുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലര്‍ച്ചെ ബൈക്കില്‍ നീതുവിന്റെ വീടിന്റെ പിന്നിലെത്തിയ പ്രതി പിന്‍വാതിലിലൂടെ വീട്ടിലെ കുളിമുറിയില്‍ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.

സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. 2020 ഓഗസ്റ്റ് 20-ന് സാക്ഷിവിസ്താരം ആരംഭിച്ച കേസില്‍ മൂന്നുമാസത്തിനു മുമ്പുതന്നെ വിചാരണ പൂര്‍ത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു.

വിചാരണയ്ക്കിടെ നിധീഷ് 17 തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഓരോ തവണയും കോടതി തള്ളുകയായിരുന്നു. അറസ്റ്റിലായശേഷം ഇയാള്‍ പുറത്തിറങ്ങിയിട്ടില്ല.

കേസില്‍ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.

Content : Defendant sentenced to life imprisonment and fined Rs 5.15 lakh for stabbing a girl to death after setting her on fire who refused the marriage request