കണ്ണൂരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന മാർക്സിസ്റ്റുകളുടെ എണ്ണത്തിൽ കാണുന്ന ഇടിവ് ജനാധിപത്യവിശ്വാസികൾക്ക് നൽകുന്നത് ശുഭസൂചന: പികെ ഫിറോസ്

single-img
20 November 2020

കണ്ണൂർ ജില്ലയിലെ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ് എന്ന പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന മാർക്സിസ്റ്റുകളുടെ എണ്ണത്തിൽ കാണുന്ന ഇടിവ് ജനാധിപത്യവിശ്വാസികൾക്ക് നൽകുന്നത് ശുഭസൂചനകളാണ് എന്നും പികെ ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പാർട്ടിഗ്രാമങ്ങളിൽ ‘എതിരില്ലാതെ ജയിച്ചവരുടെ’ പട്ടിക പുറത്തുവിടുമ്പോൾ പി ജയരാജൻ രാഷ്ട്രീയ കേരളത്തിനും മാർക്സിസ്റ്റ് പാർട്ടിയുടെ അണികൾക്കും നൽകുന്ന സുവ്യക്തമായ ഒരു സന്ദേശമുണ്ട്. തെരഞ്ഞെടുപ്പുയുദ്ധത്തിന്റെ കാഹളം മുഴങ്ങിയപ്പോഴേക്കും സർവസൈന്യാധിപനായ പാർട്ടി സെക്രട്ടറി പിന്തിരിഞ്ഞോടുകയും എണ്ണമില്ലാത്ത അഴിമതിക്കഥകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ചിടിപ്പ് കൂടുകയും ചെയ്യുമ്പോൾ, ഇവിടെ ഈ ചെങ്കോട്ടകളിൽ വിജിഗീഷുവായി താൻ നെഞ്ചുവിരിച്ച് തലയുയർത്തി നിൽക്കുന്നൂണ്ട് എന്നാണ് ആ സന്ദേശം. – ഫിറോസ് പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

പി ജയരാജൻ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്ന സംശയത്തിന്റെ പേരിലാണ് അരിയിൽ ഷുക്കൂർ എന്ന പത്തൊമ്പതുകാരനെ സിപിഎമ്മുകാർ കൊന്നുകളഞ്ഞത്. പാർട്ടിക്കോടതി ഷുക്കൂറിനെ വിചാരണ ചെയ്തതും ഒടുവിൽ ജീവനെടുത്തതും കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറ എന്ന പാർട്ടിഗ്രാമത്തിലായിരുന്നു. നൂറിലധികം വരുന്ന ആൾക്കൂട്ടം നോക്കിനിൽക്കെയാണ് വിചാരണയും വധശിക്ഷയും നടപ്പിലാക്കിയത്. ആ ആൾക്കൂട്ടത്തിൽ ഒരാൾ ഫയർ ഫോഴ്സിലെ ജീവനക്കാരനായിരുന്നുവത്രെ. ചിലർ അധ്യാപകരും! ജീവനുവേണ്ടി നിലവിളിച്ച ഷുക്കൂറിനെയും സുഹൃത്ത് സക്കരിയയെയും രക്ഷിക്കാൻ ആ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളുടെ പോലും കൈകളോ നാവോ ഉയർന്നില്ല!

ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കൊലയാളി സംഘത്തിലെ കൊടിസുനിയും സഖാക്കളും ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത് മുടക്കോഴിമല എന്ന പാർട്ടിഗ്രാമത്തിലാണ്. ഇതേ മുടക്കോഴിമലയിൽ നിന്നുതന്നെയാണ് പിന്നീട് ഷുഹൈബിന്റെ കൊലയാളികളെയും പോലീസ് പിടികൂടിയത്. തിരച്ചിലിൽ കണ്ടെടുക്കപ്പെട്ട സാധനങ്ങളിൽ മദ്യക്കുപ്പികളും മയക്കുമരുന്നുകളും ശീട്ടുകെട്ടുകളും ഉണ്ടായിരുന്നവത്രെ! അവർക്ക് മുടങ്ങാതെ ഭക്ഷണമെത്തിച്ചുകൊടുക്കാൻ പാർട്ടി ഊഴമിട്ട് നിയോഗിച്ച സേവകരിൽ സ്ത്രീകളുമുണ്ടായിരുന്നുവത്രെ!
പാർട്ടി വിതക്കുന്ന ഭയത്തിന്റെ നിഴലിൽ നിശബ്ദരായും വിധേയരായും കഴിഞ്ഞുകൂടാൻ നിർബന്ധിതരാവുന്ന ജനങ്ങളുടെ നിസ്സഹായതയിലാണ് ഉത്തരകേരളത്തിലെ പല ഗ്രാമങ്ങളും ഉത്തര കൊറിയൻ മാതൃകയിലുള്ള പർട്ടിഗ്രാമങ്ങൾ കെട്ടിയുയർത്തപ്പെടുന്നത്. അവിടെ എതിരാളികളും വിമതരുമില്ല. എതിർശബ്ദങ്ങളും വിമർശനങ്ങളുമില്ല. പ്രതിപക്ഷ പാർട്ടികളില്ല. വോട്ടുചെയ്യാൻ രണ്ടാമതൊരു ചിഹ്നം പോലുമില്ല. അത്തരം ചെങ്കോട്ടകളിലാണ്, എതിരാളികളെ കൊന്നുതീർക്കാൻ നിയോഗിക്കപ്പെടുന്ന കൊലയാളി സംഘങ്ങൾക്ക് തിന്നും കുടിച്ചും കൂത്താടിയും സസുഖം വാഴാൻ കഴിയുന്ന സുരക്ഷിതതാവളങ്ങൾ സിപിഎം ഒരുക്കുന്നത്. എന്നാൽ, ജനാധിപത്യത്തിന്റെ കാറ്റേൽക്കുന്തോറും ചെങ്കോട്ടകൾ കെട്ടിയുയർത്തിയ മണ്ണിൽ നനവ് പടരാൻ തുടങ്ങുന്നുണ്ട്. അടിത്തറകൾ ഇളകാൻ തുടങ്ങുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന മാർക്സിസ്റ്റുകളുടെ എണ്ണത്തിൽ കാണുന്ന ഇടിവ് ജനാധിപത്യവിശ്വാസികൾക്ക് നൽകുന്നത് ശുഭസൂചനകളാണ്. ആന്തൂർ നഗരസഭ നിലവിൽ വന്ന 2010 ൽ പലയിടത്തും എതിർകക്ഷിക്കാരെ സിപിഎമ്മുകാർ മൽസരിക്കാൻ അനുവദിച്ചിരുന്നില്ല. 2015 ൽ ‘എതിരില്ലാതെ’ തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം പതിനാലായി കുറഞ്ഞു. ഇത്തവണ അത് ആറായി ചുരുങ്ങി. സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസത്തോട് പൊരുതിനിൽക്കുന്ന ജനാധിപത്യം പാർട്ടി സർവാധിപത്യത്തിന്റെ ചെങ്കോട്ടകളെ അതിജീവിക്കുക തന്നെ ചെയ്യും.

ഉത്തരകേരളത്തിൽ ഇപ്പോഴും അവശേഷിക്കുന്ന ബോൾഷെവിക് റിപ്പബ്ലിക്കുകളുടെ പട്ടികയാണ് പി ജയരാജൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര കൊറിയൻ സർവാധിപതി കിം ജോംഗ് യുന്നിനെ മനസാ വാചാ കർമണാ ആരാധിക്കുന്ന അധികാരഭക്തരായ സിപിഎം അണികൾക്ക് ആഘോഷിക്കാൻ ഈ പട്ടിക മതി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ പാർലമെന്ററി ജനാധിപത്യത്തിന്റെ പാഠശാലയായും പരിശീലനക്കളരിയായും കാണുന്ന ബഹുസ്വര ജനാധിപത്യവാദികളായ മനുഷ്യർക്ക് സിപിഎമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തെ തരിച്ചറിയാനും ഇതുതന്നെ മതി.

പാർട്ടിഗ്രാമങ്ങളിൽ ‘എതിരില്ലാതെ ജയിച്ചവരുടെ’ പട്ടിക പുറത്തുവിടുമ്പോൾ പി ജയരാജൻ രാഷ്ട്രീയ കേരളത്തിനും മാർക്സിസ്റ്റ് പാർട്ടിയുടെ അണികൾക്കും നൽകുന്ന സുവ്യക്തമായ ഒരു സന്ദേശമുണ്ട്. തെരഞ്ഞെടുപ്പുയുദ്ധത്തിന്റെ കാഹളം മുഴങ്ങിയപ്പോഴേക്കും സർവസൈന്യാധിപനായ പാർട്ടി സെക്രട്ടറി പിന്തിരിഞ്ഞോടുകയും എണ്ണമില്ലാത്ത അഴിമതിക്കഥകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ചിടിപ്പ് കൂടുകയും ചെയ്യുമ്പോൾ, ഇവിടെ ഈ ചെങ്കോട്ടകളിൽ വിജിഗീഷുവായി താൻ നെഞ്ചുവിരിച്ച് തലയുയർത്തി നിൽക്കുന്നൂണ്ട് എന്നാണ് ആ സന്ദേശം.

ഉത്തരകേരളത്തിലെ ചെങ്കോട്ടകളിൽ നിന്ന് പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി വിജയൻ കാണാൻ പോകുന്നതേയുള്ളൂ!

https://www.facebook.com/photo/?fbid=207678314058277&set=a.196078488551593