കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

single-img
14 November 2020

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് അട്ടിമറിയുടെ ഭാഗമാണെന്നും. കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്നുമുള്ള ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും ധനമന്ത്രി പറഞ്ഞു.

ഏത് റിപ്പോർട്ടിനെ കുറിച്ചാണ് ധനമന്ത്രി പറയുന്നതെന്ന് വ്യക്തമാക്കണം.  അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ലെന്നും ധനമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്. രാജ്യത്തെ നിയമം ബാധകമല്ല എന്ന രീതിയിൽ മന്ത്രിസഭ പ്രവർത്തിക്കുന്നു. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട്‌ ഇങ്ങനെ പുറത്തു വിടാൻ പാടില്ല. റിപ്പോർട്ട് ചോർത്തി വാർത്ത സമ്മേളനം നടത്തി. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പോലീസിനെതിരായ റിപ്പോർട്ട്‌ ചോർന്നുവെന്ന് പറഞ്ഞ്, ചന്ദ്രഹാസം ഇളക്കിയവരാണ് ഇപ്പോൾ ഇത് ചെയ്തിരിക്കുന്നത്. കിഫ്‌ബിയിൽ നടന്ന കൊള്ളകൾ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് ഹാലിളകിയത്. ഇതൊരു മുൻ‌കൂർ ജാമ്യം എടുക്കലാണ്.  കിഫ്‌ബിയിലെ അഴിമതി പുറത്തു വന്നതിലെ ജാള്യത കൊണ്ടാണത്. ഈ സർക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്‌ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സർക്കാരും അറിയില്ല. സിഎജി ഓഫീസുമായി കഴിഞ്ഞ നാല് വർഷം ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണം ശരിയല്ല. അഴിമതി മുഴുവൻ കണ്ടെത്തും. എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കും. ഇഡിക്ക് എതിരായ സമരത്തിൽ നിന്നും പിന്മാറിയത് ഭീരുത്വം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളകേസ് എടുക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇഡി എത്ര ശ്രമിച്ചാലും കെഎം ഷാജിയെ കേസിൽ കുടുക്കാൻ കഴിയില്ല. കമറുദീനെതിരെ കേസ് അന്വേഷിച്ച് നടപടി എടുക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.