സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; സിപിഎമ്മിനെ കോണ്‍ഗ്രസ് മാതൃകയാക്കണം: യൂത്ത് കോണ്‍ഗ്രസ്

single-img
12 November 2020

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ധാരാളം തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ എത്തുന്നു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ആരോപിച്ചു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

അതേസമയം മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പരിഗണിക്കേണ്ടെന്ന സിപിഎം നിലപാടിനെ കോണ്‍ഗ്രസ് മാതൃകയാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്പറയുന്നു. ജില്ലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തിയെങ്കിലും അനുഭാവപൂര്‍ണമായ പ്രതികരണമായിരുന്നില്ല നേത്രുത്വത്തില്‍ നിന്നും ലഭിച്ചത്.

എറണാകുളം ജില്ലയില്‍ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കായി 130 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. പക്ഷെ ഇതില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം അനുകൂലമായിരുന്നില്ല.