ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

single-img
3 November 2020

ഡല്‍ഹിയില്‍ 30 കാരിയെ ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലുള്ള ബാബാ സാഹേബ് ഭീം റാവു അംബേദ്കര്‍ ആശുപത്രിയിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത്. ഇതേ ആശുപത്രിയിലെ തന്നെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സുരക്ഷാ ജീവനക്കാരും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.

കഴിഞ്ഞ മാസം 30ന് അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പാര്‍ക്കിംഗ് സ്ഥലത്തുവച്ച് തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.

അതേസമയം സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. 22 വയസുള്ള മനീഷ്, 24കാരനായ തിവാരി, 33 കാരനായ കന്‍വാര്‍ എന്നിവരെയാണ് കേസില്‍ അറസ്റ്റുചെയ്തത്.