കെ സുരേന്ദ്രന്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാവണം: ഭിന്നത പരസ്യമാക്കി പിഎം വേലായുധന്‍

single-img
3 November 2020

ബിജെപിയുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാക്കി മുന്‍ ഉപാധ്യക്ഷന്‍ പിഎം വേലായുധന്‍ വീണ്ടും രംഗത്തെത്തി. തനിക്ക് കെ സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ തുറന്നുപറഞ്ഞു. നേരത്തേ പല പ്രസ്ഥാനങ്ങളിലും പോയി, അവിടെ നിന്നും എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് അവസാനം ബിജെപിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണുള്ളതെന്നും ഇത് കേരളത്തില്‍ മാത്രമെ കാണുള്ളുവെന്നും വേലായുധന്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയിലെ പരിപാടിയായ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു വേലായുധന്റെ രൂക്ഷ പ്രതികരണം.
“എന്നെപോലെയുള്ള ധാരാളം ആളുകള്‍ ഇന്ന് പാര്‍ട്ടിയില്‍ ദുഃഖിതരാണ്. വിയോജിപ്പുകള്‍ പറയേണ്ട ഒരു ആസ്ഥാനം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. എന്നാല്‍ ആ അധ്യക്ഷന്‍ അതിന് തയ്യാറാകാതെ വന്നാല്‍ എന്ത് ചെയ്യും. മറ്റ് വഴികളൊന്നുമില്ല,” വേലായുധന്‍ പറയുന്നു.

ഇതിനെതിരെ അടിയന്തിരമായി നേതൃത്വം ഇടപെട്ട് തെറ്റ് തിരുത്തണമെന്നും പരാതികള്‍ കേട്ട് തെറ്റ് തിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും വേലായുധന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഉള്ളിലെ വ്യക്തികളിലാണ് പോരായ്മയെന്നും പാര്‍ട്ടിയുടെ ആശയത്തേയും ആദര്‍ശത്തേയും കാറ്റില്‍ പറത്തിക്കൊണ്ട് ആ വ്യക്തികള്‍ക്ക് തോന്നുന്ന മാതിരി മുന്നോട്ട് പോകുന്നത് അപകടമാണെന്നും വേലായുധന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ അഹങ്കാരവും അഹന്തയും താഴെവെക്കണമെന്നും ബിജെപി എന്നത് ആരുടേയും തറവാട് സ്വത്തല്ലെന്നും വേലായുധന്‍ പറഞ്ഞു.എന്നാല്‍ പാര്‍ട്ടിവിടാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.