ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം തങ്ങൾക്കില്ല;കൈയ്യൊഴിഞ്ഞ് ആര്‍എസ്എസ്

single-img
3 November 2020

കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപി സംസ്ഥാന ഘടകവും ശോഭാ സുരേന്ദ്രനും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ആർഎസ്എസ്. ബിജെപിയുടെ ഉള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം തങ്ങൾക്ക് ഇല്ലെന്നും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബിജെപിക്ക് അധ്യക്ഷൻ ഉൾപ്പെടെയുള്ള ആളുകളുണ്ടെന്നും പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി അറിയിച്ചു.

മാത്രമല്ല, ആര്‍എസ്എസ് ഒരിക്കലും ബിജെപിയുടെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോര് പരസ്യമായതിന് പിന്നാലെയാണ് ഗോപാലന്‍ ആര്‍എസ്എസിന്റെ നിലപാട് അറിയിച്ചത്. പാർട്ടിയുടെ കേരളത്തിലെ നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്ന് കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബിജെപിയുടെ സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യപ്പോരിനിറങ്ങിയതിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. അതേസമയം പ്രശ്‌നങ്ങള്‍ കേരളത്തിൽ തന്നെ ചർച്ചയിലൂടെ പരിഹരിക്കാനാണ് കേന്ദ്ര നേത‌ൃത്വം നൽകിയ നിർദ്ദേശം.