“ഗോവയിൽ ബീഫ് വേണം, മഹാരാഷ്ട്രയിൽ നിരോധിക്കണം, ഇതാണോ നിങ്ങളുടെ ഹിന്ദുത്വം?”: ഉദ്ദവ് ഠാക്കറേ

single-img
26 October 2020
Uddhav Thackeray beef governor

മഹാരാഷ്ട്ര ഗവർണറുമായുള്ള(Maharashtra Governor) സർക്കാരിന്റെ പോര് മുറുകവേ ഗവർണർക്കും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് ഠാക്കറേ(Uddhav Thackeray) രംഗത്ത്. ബിജെപിയ്ക്കും കേന്ദ്രസർക്കാരിനും നിയതമായ ആശയമോ സംസ്കാരമോ ഇല്ലെന്ന് ഠാക്കറേ ആരോപിച്ചു.

“നിങ്ങൾ ഹിന്ദുത്വ(Hindutva)ത്തെക്കുറിച്ച് സംസാരിക്കുന്നു. മഹാരാഷ്ട്രയിൽ നിങ്ങൾക്ക് ബീഫ്(Beef) നിരോധിക്കണം. അതേസമയം ഗോവയിലെ(Goa) ബീഫിന്റെ കാര്യത്തിൽ നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല. ഇതാണോ നിങ്ങളുടെ ഹിന്ദുത്വം?”

ഉദ്ധവ് ഠാക്കറേ ചോദിച്ചു.

ദാദറിലെ ശിവാജി പാർക്കിലുള്ള(Shivaji Park,Dadar) സവർക്കർ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ശിവസേനയുടെ ദസറ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഠാ‍ക്കറേ.

ലോക്ക്ഡൌണിൽ അടച്ചിട്ട ക്ഷേത്രങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരി(Bhagat Singh Koshyari) സർക്കാരിന് നൽകിയ കത്തിലെ ചില പരാമർശങ്ങളാണ് ഠാക്കറേയെ ചൊടിപ്പിച്ചത്. “നിങ്ങൾ പെട്ടെന്ന് മതേതരവാദിയായോ (Secular)? നിങ്ങൾക്കതിഷ്ടമല്ലായിരുന്നല്ലോ?” എന്നായിരുന്നു കത്തിലെ ഒരു ചോദ്യം. നിങ്ങൾ സത്യപതിജ്ഞ നടത്തി അധികാരമേറ്റ ഭരണഘടനയിൽ മതേതരത്വം ഒരു പ്രധാനഘടകമാണേന്നറിയില്ലേയെന്നായിരുന്നു ഉദ്ധവ് ഠാക്കറേയുടെ മറുപടി. തന്റെ ഹിന്ദുത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും, അദ്ദേഹം പ്രതികരിച്ചു.

ബാബരി മസ്ജിദ്(Babari Masjid) തകർക്കപ്പെട്ടപ്പോൾ മാളങ്ങളിൽ ഒളിച്ചിരുന്നവരാണ് ശിവസേനയെ ഹിന്ദുത്വം(Hindutva) പഠിപ്പിക്കാൻ വരുന്നത്. സ്വന്തം കുടുംബത്തിനപ്പുറം ആരാലും അറിയപ്പെടാത്തവരാണ് തങ്ങളോട് ഹിന്ദുത്വത്തെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുന്നതെന്നും ഗവർണറുടെ പേരെടുത്ത് പറയാതെ ഠാക്കറേ വിമർശിച്ചു.

“നിങ്ങളുടെ ഹിന്ദുത്വം മണിയടിക്കലും പാത്രം കൊട്ടലുമൊക്കെയാണ്. ഞങ്ങളുടെ ഹിന്ദുത്വം ദേശീയതയാണ്.”

ഠാക്കറേ പറഞ്ഞു.

ആർഎസ്എസ് തലവൻ മോഹൻ ഭഗവത് (Mohan Bhagwat, RSS Chief) ഹിന്ദുത്വത്തെക്കുറിച്ച് പറഞ്ഞകാര്യവും അദ്ദേഹം ഉദ്ധരിച്ചു. ഹിന്ദുത്വമെന്നാൽ വെറും പൂജ മാത്രമല്ലെന്നാണ് ഭഗവത് പറഞ്ഞത്. കറുത്ത തൊപ്പിയും ധരിച്ച് (കോശിയാരി കറുത്ത തൊപ്പി ധരിക്കുന്നയാളാണ്) ശിവസേനയെ മതേതരവാദികളെന്ന് വിളിക്കുന്നവർ ഭഗവതിന്റെ വാക്കുകൾ കേൾക്കണമെന്നും ഠാക്കറേ പറഞ്ഞു.

ചുണയുണ്ടെങ്കിൽ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഠാക്കറേ ബിജെപിയെ വെല്ലുവിളിച്ചു. നിങ്ങളുടെ ഡൽഹിയിലെ സർക്കാരിനെ ആദ്യം സംരക്ഷിക്കൂ. ഇവരല്ലാതെ മറ്റാരായാലും ഞങ്ങൾ തെരെഞ്ഞെടുക്കുമെന്ന് നിങ്ങളെക്കുറിച്ച് ജനങ്ങൾ പറയും. അത് ഇപ്പോൾത്തന്നെ ആരംഭിച്ചിട്ടുണ്ട്. ആശയവും സംസ്കാരവും അടിസ്ഥാനമൂല്യങ്ങളും നഷ്ടപെട്ട ബിജെപി സർക്കാർ അധികകാലം വാഴില്ലെന്നും ഠാക്കറേ പറഞ്ഞു.

മുതിർന്ന ബിജെപി നേതാവായിരുന്ന ബി എസ് കോശിയാരി ആർഎസ്എസ് പ്രവർത്തനത്തിലൂടെ ബിജെപി രാഷ്ട്രീയത്തിലെത്തിയയാളാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

Content: ‘You are okay with beef in Goa, is this your Hindutva?’: Uddhav Thackeray Attacks Governor