ഖത്തർ വിമാനത്താവളത്തിലിറങ്ങി, നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒനിബയെയും ഭര്‍ത്താവിനേയും പൊലീസ് അറസ്റ്റ്‌ ചെയ്തു ജയിലിലാക്കി; ബന്ധു നൽകിയ ‘ഹണിമൂണ്‍ പാക്കേജ്’

single-img
25 October 2020

മുംബൈ നിവാസിയായ ഒനിബ തന്‍റെ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭർത്താവിനും വൈകിയെങ്കിലും ഒരു വിവാഹ സമ്മാനം വാഗ്ദാനം ചെയ്തത്. ഖത്തറില്‍ പോയി ഒരു മധുവിധു ആഘോഷം. ചിലവൊക്കെ ബന്ധു തന്നെ വഹിക്കും. വൈകിയെങ്കിലും ഗര്‍ഭകാലമാണെങ്കിലും മധുവിധു ആഘോഷിക്കാന്‍ ഖത്തറിലേക്ക് പോകാന്‍ കിട്ടിയ അവസരം അവര്‍ പോകാൻ തന്നെ തീരുമാനിച്ചു.

ഒനിബയും ഭര്‍ത്താവും 2019 ജൂലൈ 6 ന് മുംബൈയിൽ നിന്നു ഖത്തറിലേക്ക് പറന്നു. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി, നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒനിബയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലായി. പിന്നെ ജയിലിലേക്ക് മാറ്റി. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. പരിശോധനയിൽ അവരുടെ ലഗേജിൽ 4 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി എന്നതായിരുന്നു ഈ യുവദമ്പതികള്‍ക്കെതിരായ കുറ്റം.

ഇവരുടെ ഹണിമൂണ്‍ സ്പോണ്‍സര്‍ ചെയ്ത ബന്ധു, ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ നല്‍കിയ പാക്കറ്റിലായിരുന്നു ഈ ലഹരിമരുന്നുണ്ടായിരുന്നത്. ഈ വിവരം അവര്‍ക്കേല്‍പ്പിച്ച ആഘാതം വലുതായിരുന്നു. അത്രയേറെ വിശ്വസിച്ച ഉറ്റബന്ധുവാണ് ഇവരെ കുരുക്കിലാക്കിയത്. ഇതോടെ മയക്കുമരുന്ന് കടത്തിന് ഒനിബയ്ക്കും ഭർത്താവ് ശരീഖിനും 10 വർഷം തടവും ഒരു കോടി രൂപ പിഴയും ഖത്തറിലെ കോടതി വിധിച്ചു.

മുംബൈ പൊലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ‌.സി.‌ബി) ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ നിരപരാധികളായ ദമ്പതികളെ ബന്ധുവായ തബസ്സം എങ്ങനെ കബളിപ്പിച്ചുവെന്ന് കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ തബസ്സുവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്‍റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 13 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തതിനെ തുടർന്നാണ് കേസിൽ വെളിപ്പെടുത്തലുകൾ നടന്നതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ തെളിവുകളുടെ വെളിച്ചത്തിൽ ഒനിബയെയും ഭര്‍ത്താവിനെയും മോചിപ്പിക്കാൻ എൻ‌.സി.‌ബി ഇപ്പോൾ നയതന്ത്ര മാർഗങ്ങളിലൂടെ ഖത്തറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഒനിബയുടെ അമ്മ ഇന്ത്യൻ എംബസിക്ക് നിരവധി കത്തുകൾ എഴുതിയിരുന്നെങ്കിലും അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിരുന്നില്ല. ഏതായാലും മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍ ഈ കുടുംബത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഇതിനോടകം കേസ് നടത്താന്‍ സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവും ദമ്പതികളുടെ കുടുംബങ്ങള്‍ ചിലവഴിച്ചു കഴിഞ്ഞു.

തന്‍റെ മകൾ ഒരു വിദേശ രാജ്യത്ത് ഒറ്റക്ക് പ്രസവിക്കേണ്ടി വന്നുവെന്നും കൊച്ചുമകനെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇരുവരുടെയും കുടുംബങ്ങള്‍ പറയുന്നു. ഏതായാലും അധികം വൈകാതെ ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.