ബാഹ്യ സൗന്ദര്യം ആണിനും പെണ്ണിനും ഒരുപോലെ പ്രധാനം; ഡോ. ഷിനു ശ്യാമളന്‍

single-img
24 October 2020

ജീവിതത്തില്‍ ഒരിക്കലെങ്കിലും വീണു പരുക്ക് പറ്റാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ മുഖത്ത് ഒരു പരുക്കും ഒന്ന് പറ്റരുതേ എന്നായിരിക്കും ഏവരുടെയും പ്രാര്‍ത്ഥന. ഇപ്പോള്‍ തന്റെ മുന്നിലെത്തിയ സംഭവം തുറന്ന് പറയുകയാണ് സാമൂഹ്യ പ്രവർത്തകയും ഡോക്ടറുമായ ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്കിലൂടെയാണ് ഷിനു ശ്യാമളന്‍ അനുഭവം പങ്കുവെച്ചിരിക്കുന്നതു.

പോസ്റ്റിന്റെ പൂർണരൂപം

ഒരു പെണ്കുട്ടി നെറ്റി മുറിഞ്ഞു വന്നു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മുറിവ് തുന്നി. അപ്പോൾ രക്ഷക്കർത്താക്കൾ അല്പം ബഹളം വെച്ചിട്ട് പ്ളാസ്റ്റിക് സർജനെ കൊണ്ട് തുന്നണം എന്നു പറഞ്ഞു. നെറ്റിയിൽ പാട് വരരുതല്ലോ. വളരെ മുതിർന്ന ഒരു ഡോക്ടർ ആയിരുന്നു. 45 വർഷത്തിന് മുകളിൽ ജോലി പരിചയമുള്ള ഡോക്ടർ. ആ ഡോക്ടറിന്റെ കണ്ണ് നിറഞ്ഞു.

ഈ സംഭവത്തിന് ശേഷം ആര് വന്നാലും (സ്‌കാർ) പാടില്ലാതെ തുന്നണമെങ്കിൽ പ്ളാസ്റ്റിക് സർജനെ വിളിക്കാം എന്നു രോഗികളോട് മുന്നേ പറയും. മിക്ക പെണ്കുട്ടികളുടെയും രക്ഷക്കാർത്താക്കൾ മുഖത്തെ സൗന്ദര്യത്തെ ബാധിക്കുമെന്ന് കരുതി പ്ളാസ്റ്റിക് സർജനെ വിളിപ്പിക്കും.

പക്ഷെ ആണ്കുട്ടികളുടെ രക്ഷക്കാർത്താക്കളിൽ ഏറെയും പാടൊന്നും കുഴപ്പമില്ല എന്നും സാധാരണ രീതിയിൽ തുന്നിയ മതിയെന്നും പറയാറുണ്ട്.

അങ്ങനെ ഒരു ആണ്കുട്ടി മുറിവ് പറ്റി വന്നു. നെറ്റിയിൽ പാട് വരുന്ന വിധം മുറിവ് ഉണ്ട്. തുന്നൽ ആവശ്യമാണ്. ഞാനവരോട് കാര്യങ്ങൾ പറഞ്ഞു. പക്ഷെ അവർ ആണ്കുട്ടിയല്ലേ പാട് സാരമില്ല എന്നു പറഞ്ഞു സാധാരണ രീതിയിൽ തുന്നി.

ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും മുഖത്തു പാട് വന്നാൽ അത് പാട് തന്നെയല്ലേ. ആരുടെ മുഖത്തു പാട് വന്നാലും വിഷയമല്ല എന്ന് വേണമെങ്കിൽ ചിന്തിക്കാം.

ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പ്രാധാന്യം വേണമെങ്കിൽ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക. അവരുടെ മനസ്സിന്റെ സൗന്ദര്യത്തിന് വില കൊടുക്കുക.

https://www.facebook.com/Drshinuofficial/posts/199235211567297