കൊവിഡ് പരിശോധന: നിരക്കുകൾ കുറച്ചു

single-img
21 October 2020

സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും  കോവിഡ് പരിശോധന നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയായിരുന്നത് 2100 രൂപയാക്കി ചുരുക്കി. രണ്ടു ഘട്ടമായി നടത്തുന്ന ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപ വീതം 3000 രൂപ ഈടാക്കിയിരുന്നത്. ഇപ്പോള്‍ 2200 രൂപയാക്കി കുറച്ചു ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയും. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപ തന്നെ തുടരും.

ആന്റിജൻ പരിശോധനയിൽ ‘തെറ്റായ’ നെഗറ്റീവ്‌ ഫലത്തിന് സാധ്യതയുള്ളതിനാൽ നെഗറ്റീവാകുന്നവർക്ക്‌ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം.‘നെഗറ്റീവ്’‌ ഫലമുള്ളവർ മുഖേനയുള്ള സമ്പർക്കരോ​ഗബാധ തടയാനാണ് രണ്ടാംപരിശോധന‌ നിർദേശിക്കുന്നത്‌. പരിശോധന കൂടുതൽ പേരിലേക്ക്‌ എത്തിക്കാനാണ്‌ ആന്റിജൻ പരിശോധന. കൃത്യതയുള്ള പരിശോധന ആർടിപിസിആർ ആണ്.

ഇന്നലെ വരെയുളള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 91,922 പേരാണ് രോ​ഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുളളത്. 2.60 ലക്ഷം പേർ ഇതുവരെ രോ​ഗമുക്തി നേടി. 1,206 പേരാണ് കൊവിഡിനെ തുടർന്ന് ഇതുവരെ മരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76.51 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 54,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 717 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 1.15 ലക്ഷമായി. നിലവില്‍ 7.40 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 61,775 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് 10.83 ലക്ഷം സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതുവരെ 9.72 കോടി സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

ലോകത്ത് ഇതുവരെ 4.10 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11.29 ലക്ഷം പേര്‍ വിവിധ രാജ്യങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 92.85 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളതെന്നും വേള്‍ഡോ മീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം 3.81 ലക്ഷം ജനങ്ങള്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. 6,145 പേര്‍ മരിച്ചു.